
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ദുര്‍ബലമാകുന്നു എന്നതിന്റെ സൂചന നല്‍കി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 45,149 ആണ്. മരണസംഖ്യ 480. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് ദുര്‍ബലമാകുന്നതിന്റെ സൂചനയാണ് കണക്കുകള്‍ കാണിക്കുന്നത്.
കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 6.53 ലക്ഷം മാത്രമാണ്. 79.09 ലക്ഷം പേര്‍ക്കാണ് രാജ്യമൊട്ടാകെ കോവിഡ് ബാധിച്ചത്. 71.37 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടി. 1,19,014 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്.
എന്നാല്‍, കേരളത്തിലെ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6843 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ദേശീയതലത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. മഹാരാഷ്ട്രയില്‍ 6059 ഉം കര്‍ണാടകത്തില്‍ 4439 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ കോവിഡ് പരിശോധനകളുടെ എണ്ണം പത്ത് കോടി കടന്നതായി ഐസിഎംആര്‍ അറിയിച്ചു. ഞായറാഴ്ച 9,39,309 ടെസ്റ്റുകള്‍ നടത്തിയതായും ഐസിഎംആര്‍ വ്യക്തമാക്കി.