
ലണ്ടന്‍: യു.എസ് കമ്പനി ഫൈസറിന്റെ കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്‍കി. അടുത്ത ആഴ്ച വാക്‌സിന്‍ വിതരണം തുടങ്ങും. ഫൈസര്‍-ബയേണ്‍ടെക്കിന്റെ കോവിഡ് -19 വാക്സിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു.കെ.സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ കോവിഡ് ആദ്യ രാജ്യമായി യു.കെ മാറി. വാക്‌സിന്‍ വിതരണത്തില്‍ ആദ്യ പരിഗണന പ്രായമായവര്‍ക്കും എമര്‍ജന്‍സി വിഭാഗത്തില്‍പെട്ടവര്‍ക്കും ആയിരിക്കും. വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഫൈസര്‍ കമ്പനി ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. കോവിഡ് വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
65 ന് മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലം കമ്പനി അവകാശപ്പെടുന്നു. നാല് കോടി ഡോസുകള്‍ക്കാണ് യു.കെ ഇതിനകംതന്നെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഒരു കോടി വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകും. തെരഞ്ഞെടുത്ത ആശുപത്രികളിലും കോണ്‍ഫറന്‍സ് ഹാളുകളിലുമായിരിക്കും വാക്‌സിന്‍ വിതരണമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതോടെ ജീവിതം പഴയതുപോലയാകാനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സാധിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചാലും ആളുകള്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.