
മോദിയെ അനുകൂലിക്കുന്നവര്‍ വര്‍ഗ്ഗീയവാദികളെന്ന് ടി.എം.കൃഷ്ണ. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ടി.എം.കൃഷ്ണയുടെ പ്രസ്താവന. ഇന്ത്യയ്ക്ക് മോദി എത്രത്തോളം അപകടകാരിയെന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അവരെക്കുറിച്ച് ഇസ്ലാമോഫോബിക് ജാതി വര്‍ഗീയവാദികളാണെന്നല്ലാതെ കൂടുതല്‍ പറയാനില്ലെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ബി.ജെ.പിയോട് നമുക്ക് വിയോജിപ്പുണ്ടെങ്കിലും അവരുടെ വാദമുഖങ്ങളെ ഖണ്ഡിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. അവര്‍ അവരുടെ വാദമുഖങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വിജയകരമായി അവതരിപ്പിക്കുന്നു. അതിന് തടയിടാന്‍ പ്രതിപക്ഷത്തിനാവുന്നില്ലെന്നതാണ് വസ്തുത. ഇത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്. ഇതിനെ നേരിടുന്നതിന് ഫെഡറലിസത്തിന്റെ അന്തഃസത്ത നമ്മള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. ബിജെപിയുടെ സംവിധാനം അതിശക്തമാണ്. പ്രാദേശിക ശക്തികളുടെ കൂട്ടായ്മയാണ് ബി.ജെ.പിയെ ചെറുക്കാനുള്ള ഏക പോംവഴിയെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം-അദ്ദേഹം അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദിയുടെയും ബി.ജെ.പിയും കടുത്ത വിമര്‍ശകനാണ് ടി.എം കൃഷ്ണ. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ അവസരം കിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കാറുണ്ട് അദ്ദേഹം. ബി.ജെ.പിയെ ചെറുക്കണമെങ്കില്‍ പ്രതിപക്ഷം ഭാവനാത്മകമായി ചിന്തിക്കണമെന്നും ടി.എം.കൃഷ്ണ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.