
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാത്സവയ്ക്കെതിരെ സി.പി.എം രംഗത്ത്. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുന്ന നടപടികളാണ് പോലീസ് ഉപദേഷ്ടാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് പാര്‍ട്ടിക്കകത്ത് ഉയരുന്ന വിമര്‍ശനം. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നാലെയാണ് പാര്‍ട്ടി വിമര്‍ശനം ഉയര്‍ത്തുന്നതെന്നത് ശ്രദ്ധേയമാണ്.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് സംസ്ഥാനത്തിന്റെ ധനമന്ത്രി തോമസ് ഐസക്, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് എന്നിവര്‍ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പോലും അറിയാതെയാണ് മുഖ്യമന്ത്രി നേരിട്ട് ഭരണം നടത്തുന്ന വിജിലന്‍സ് വകുപ്പ് റെയ്ഡിനുള്ള തീരുമാനം കൈക്കൊണ്ടത്.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാത്സവ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവ് കൂടിയാണെന്നാണ് ഇപ്പോള്‍ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. പോലീസ് ഉപദേഷ്ടാവ് എന്ന പദവിയില്‍ വരുന്നതിന് മുമ്പ് തന്നെ അദ്ദേഹം ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. ഇപ്പോഴും ആ പദവിയില്‍ തുടരുന്നുണ്ടെന്ന് ആ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ഉണ്ട്.
അതുകൊണ്ടുതന്നെ കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് കെ.എസ്.എഫ്.ഇ-യില്‍ റെയ്ഡ് നടത്തിയതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോയ സമയം നോക്കിയാണ് റെയ്ഡ് നടന്നത് എന്നതും പാര്‍ട്ടി സംശയത്തോടെ വീക്ഷിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകള്ക്കെതിരായ പാര്‍ട്ടി പ്രതിരോധത്തിന് തുരങ്കംവയ്ക്കുന്ന നടപടിയായും കെ.എസ്.എഫ്.ഇ-ക്കെതിരായ വിജിലന്‍സ് നീക്കം വിലയിരുത്തപ്പെടുന്നുണ്ട്. പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കവും പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കി. ഇക്കാര്യത്തിലും പാര്‍ട്ടിക്ക് രമണ്‍ ശ്രീവാത്സവയോട് അമര്‍ഷമുണ്ട്.
പോലീസ് ഉപദേഷ്ടാവിന് തെറ്റുപറ്റിയെന്ന് അവാസനം മുഖ്യമന്ത്രിക്കും സമ്മതിക്കേണ്ടുവന്നിരുന്നു. അതിന് പിന്നാലെയാണ് പോലീസ് ഉപദേഷ്ടാവ് വഴിതന്നെ പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്. കെ.എസ്.എഫ്.ഇ വിവാദത്തില്‍ സി.പി.എം മാത്രമല്ല സി.പി.ഐയും രമണ്‍ ശ്രീവാത്സവയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ അദ്ദേഹത്തിനെതിരെ മുഖപ്രസംഗമെഴുതിക്കൊണ്ടാണ് സി.പി.ഐ അമര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.