വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം : നീരജിന്റെ ആരോപണത്തില്‍ പ്രതികരണവുമായി കമല്‍
യുവതാരം സുശാന്ത് സിങ് രജ്‌പുതിന്റെ ആത്മഹത്യയ്ക്ക് പിറകെ ബോളിവുഡില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ബോളിവുഡില്‍ ഗോഡ്‌ഫാദര്‍ ഇല്ലാത്തതിനാല്‍ സുശാന്തിന് പിടിച്ചുനില്‍ക്കാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന കങ്കണ റണാവത്തിന്റെ പ്രതികരണവും കരണ്‍ ജോഹറിനെതിരെ ഉയരുന്ന സ്വജനപക്ഷപാത ആരോപണവുമെല്ലാം ബോളിവുഡിനെ പുതിയ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നയിക്കുകയാണ്.
മലയാളസിനിമയിലും ഗൗരവകരമായൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് യുവനടന്‍ നീരജ് മാധവന്‍. മലയാള സിനിമയിലും വിവേചനവും മേധാവിത്വവുമുണ്ടെന്ന് തുറന്നു പറയുന്ന നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. നീരജ് മാധവിന്റെ കുറിപ്പിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.
“ഞങ്ങള്‍ ഒന്നിച്ച് സഹകരിച്ചിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയില്‍ പണ്ടൊക്കെ ഇത്തരം അനുഭവങ്ങള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,” വിഷയത്തില്‍ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ മലയാളത്തില്‍ സുരക്ഷിതരാണെന്നുമായിരുന്നു ജൂണ്‍ 16ലെ ഫേസ്ബുക്ക് പോസ്റ്റില്‍ നീരജ് പറഞ്ഞത്. “സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്. “അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്ബോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്,” എന്ന വാക്കുകളോടെയാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി (hierarchy) സംമ്ബ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക്ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക്ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്‍പ്പിക്കുമ്ബോഴാണ് പ്രശ്നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. വളരെ അധികം ജഡ്ജ്മെന്റല്‍ ആയുള്ള ഒരു പറ്റം ആളുകള്‍.
വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം, സഹകരണം, എളിമ- ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്കില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം ഡിമാന്‍ഡിംഗ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.
ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്ബളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രസ്സറിന്റെ പകുതി പോലും ശമ്ബളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്ബളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്ബര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.”
ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം ആവറേജിനു മുകളില്‍ ആയാലും പോരാ, എക്സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം? ആരോട് പറയാന്‍.
ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്‌പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണാവത്ത് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്‌ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും.
ഫാമിലി മാനു വേണ്ടി മുംബൈയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതേഷ് തിവാരി ചിച്ചോറില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്ക്രീന്‍ ടെസ്റ്റും മേക്കപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ്‌ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്നവും ഒരുപാട് മനസ്സിലാക്കാന്‍ സാധിച്ചേനെ, ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ,” നീരജ് കുറിക്കുന്നു.
“ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, നീതിപൂര്‍വ്വമായ ഒരു മത്സരത്തില്‍ എല്ലാവരും തുല്യമായൊരു തുടക്കം അര്‍ഹിക്കുന്നുണ്ട് (in a fair race everyone deserves an equal start). സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പോവാനുണ്ട്, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന വാക്കുകളോടെയാണ് നീരജ് കുറിപ്പ് അവസാനിപ്പിച്ചത്.