Breaking News

മന്ത്രിമാര്‍ പാവകളാകും; റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെ വീണ്ടും വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സൂപ്പര്‍ പവര്‍ നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെ ഘടകകക്ഷികള്‍ വീണ്ടും തുറന്നടിച്ചു. ഉപസമിതിയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാര്‍ ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പ് ആദ്യമേ പ്രകടിപ്പിച്ചിരുന്നു.
മന്ത്രിമാരെ പാവകളാക്കാന്‍ സമ്മതിക്കില്ലെന്ന് ഘടകകക്ഷി മന്ത്രിമാര്‍ തുറന്നു പറഞ്ഞു. ഇതോടെ ഇക്കാര്യത്തില്‍ ഉടനടി ഒരു തീരുമാനം എടുക്കേണ്ട എന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. മുഖ്യമന്തിയുടെയും മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങളാണ് റൂള്‍സ് ഓഫ് ബിസിനസിലൂടെ നിര്‍വചിക്കുന്നത്.
ഉത്തരേന്ത്യന്‍ ശൈലിയിലേക്ക് കേരളത്തിലെ ഭരണം മാറ്റാനാകില്ലെന്നാണ് വീണ്ടും ഘടകകക്ഷി മന്ത്രിമാര്‍ അടിവരയിട്ടു പറഞ്ഞത്. മന്ത്രിസഭാ ഉപസമിതി ഇക്കാര്യം 5 മണിക്കൂറോളം ചര്‍ച്ച ചെയ്തു. ഉപസമിതിയുടെ ആദ്യ യോഗത്തില്‍ ഉയര്‍ന്ന ചില വിമര്‍ശനങ്ങള്‍ സമിതി കണ്‍വീനറായ മന്ത്രി എ.കെ.ബാലന്‍ വിശദീകരിച്ചു.
ഇതില്‍ ചില കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും മുഖ്യമന്തിക്ക് മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളില്‍ മാറ്റംവരുത്താമെന്നും മന്ത്രിമാര്‍ അറിയാതെ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നുമുള്ള മാറ്റങ്ങളോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് ഘടകകക്ഷി മന്ത്രിമാര്‍ കര്‍ശന നിലപാട് സ്വീകരിച്ചു.
സെക്രട്ടറിമാര്‍ മന്ത്രിമാര്‍ക്കൊപ്പമെത്തുമെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതോടെ വിയോജനക്കുറിപ്പ് എഴുതി നല്‍കാന്‍ എ.കെ.ബാലന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് അടുത്തമാസം 4ന് മുഖ്യമന്ത്രിക്ക് കൈമാറും.
റൂള്‍ ഒന്‍പതില്‍ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി പ്രകാരം മാറ്റം വരുത്തിയാല്‍ വകുപ്പ് മന്ത്രി അറിയാതെ സെക്രട്ടറിമാര്‍ക്ക് ഫയലില്‍ തീരുമാനമെടുക്കാനും നേരിട്ട് ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കോ നല്‍കാനാവും. ഇതുവഴി ഉദ്യോഗസ്ഥ ഭരണമാണ് സംസ്ഥാനത്ത് സംഭവിക്കുക. വകുപ്പ് മന്ത്രി അറിയാതെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
റൂള്‍ 21 എയില്‍ ഇതുപ്രകാരം മാറ്റം സംഭവിച്ചാല്‍ റൂള്‍സ് ഓഫ് ബിസിനസ് മുഖ്യമന്ത്രിക്ക് ബാധകമല്ലെന്ന അവസ്ഥയാകും. റൂള്‍സ് ഓഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി. റൂള്‍ 36ലെ മാറ്റം പറയുന്നത് കേസുകളില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് മാറ്റണമെന്നാണ്. സെക്രട്ടറിമാരുടെ ഉപസമിതികള്‍ക്ക് മന്ത്രിമാരെ വിളിക്കാമെന്ന രീതിയില്‍ സംസ്ഥാനത്തെ ഭരണസംവിധാനത്തില്‍ മാറ്റമുണ്ടാകും.
അതേസമയം കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങള്‍ വേണമെന്ന നിലപാടിലാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. റൂള്‍സ് ഓഫ് ബിസിനസ്സില്‍ മാറ്റംവരുത്തേണ്ടത് അത്യാവശ്യമാണെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ശക്തമായ സമ്മര്‍ദ്ദം സര്‍ക്കാരിന് മുകളിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *