Breaking News

ഭീഷണി വേണ്ടായെന്ന് കോൺഗ്രസിന് മുസ്ലിം ലീഗിന്റെ താക്കീത്

വർക്കല: കോൺഗ്രസിനെതിരെ താക്കീതുമായി മുസ്ലിം ലീഗ് വർക്കല മണ്ഡലം നേതൃത്വം. കഴിഞ്ഞ ദിവസം കോൺഗ്രസ്സ് വർക്കല മണ്ഡലം നേതൃത്വം നടത്തിയ പത്രസമ്മേളനത്തിൽ ലീഗിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതിനുള്ള മറുപടിയാണ് ലീഗ് ഇപ്പൊൾ നൽകിയിരിക്കുന്നത്.
മുസ്ലിം ലീഗിന് തീരാനഷ്ടം ഉണ്ടാകുമെന്ന കെ.പി.സി.സി നിർവാഹക സമിതി അംഗം പി.എം.ബഷീറിൻ്റെ പ്രസ്താവന ബാലിശമാണ്. ലീഗിനെ സംബന്ധിച്ചിടത്തോളം വർക്കല നഗരസഭയിൽ പ്രാധിനിധ്യം ഇല്ല. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവർക്ക് എന്ത് തീരാനഷ്ടമാണ് ഉണ്ടാവുന്നത് എന്നാണ് മനസ്സിലാവാത്തത് – ലീഗ് സംസ്ഥാന കൗൺസിൽ അംഗം ദാവൂദ് വർക്കല പറഞ്ഞു.
ലീഗ് പ്രവർത്തകരെയും സ്ഥാനാർഥികളെയും നേതാക്കളെയും ശാരീരികമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമെന്നും ഞങ്ങൾ സംശയിക്കുന്നു. കാരണം, കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ജില്ലാ നേതാവായ തൻസീലിനെ ബലമായി വാഹനത്തിൽ പിടിച്ചു കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. പക്ഷേ ശാരീരികമായി ഉപദ്രവിച്ചില്ല. പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണം എന്നാവശ്യപ്പെട്ട് ഒരു മണിക്കൂറോളം ഭീഷണിപ്പെടുത്തി.
പോലീസിൽ പരാതി കൊടുത്താൽ പ്രയോജനം ഇല്ലാത്തത് കൊണ്ടാണ് അതിനു തുനിയാതിരുന്നത്. പാപനാശം കടപ്പുറത്ത് നിന്നും മത്സ്യ തൊഴിലാളികളുടെ വല മോഷണം പോയിരുന്നു. മോഷ്ടാവിനെ വ്യക്തമായി ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും വർക്കല പോലീസ് നടപടി എടുത്തിട്ടില്ല. മാത്രമല്ല, പരാതി കൊടുത്ത മത്സ്യത്തൊഴിലാളികളെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. അവരോട് പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം ആണ് ഉള്ളത് – അദ്ദേഹം ചോദിച്ചു.
ജനാധിപത്യപരമായി മത്സര രംഗത്ത് ഉള്ള ലീഗിനെ ഭീഷണിപ്പെടുത്തുന്നത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് പോലെയാണ്. കോൺഗ്രസിന് വേണമെങ്കിൽ മത്സരിച്ചു ജയിക്കാം. പക്ഷേ, ഭീഷണിപ്പെടുത്തി ജയിക്കാനാവില്ല. വർക്കലയിലെ മണ്ണിൽ ഗുണ്ടായിസം വിലപ്പോവില്ല. ഭീഷണി തുടർന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നത് ഉൾപ്പെടെയുള്ള ജനാധിപത്യപരമായ നടപടികൾ സ്വീകരിക്കും – ദാവൂദ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *