Breaking News

പണം തിരികെ കിട്ടിയിട്ടും കലിപ്പ് തീർന്നില്ല; നടയറയിൽ കത്തിവീശി കൊലക്കേസ് പ്രതി, യുവാവിന് പരിക്ക്

വർക്കല: നടയറയിലെ ആക്രിക്കടയിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊലക്കേസ് പ്രതിയെ വർക്കല പോലീസ് പിടികൂടി. ഭൂതക്കുളം സ്വദേശി ബിജോയിയാണ് പോലീസ് പിടിയിലായത്. നടയറ സ്വദേശി മുഹമ്മദ് അസ്ലം (24) ആണ് തലയിൽ പരിക്കേറ്റ് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നടയറ പാലത്തിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് ഇക്കഴിഞ്ഞ 12-ന് ബിജോയ് 1,500 രൂപ നൽകി കാറിൽ ഉപയോഗിക്കുന്ന സെക്കൻഡ് ഹാൻഡ് ബാറ്ററി വാങ്ങിയിരുന്നതായി പോലീസ് അറിയിച്ചു. ബാറ്ററി കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച് ചൊവ്വാഴ്ച ബാറ്ററിയുമായി കടയിലെത്തിയ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു.

കടയുടമ സ്ഥലത്തില്ലെന്നും അദ്ദേഹം എത്തിയാൽ മാത്രമേ പണം തിരികെ നൽകാൻ കഴിയൂ എന്നും ജീവനക്കാർ അറിയിച്ചെങ്കിലും ഉടമയെ വിളിച്ചുവരുത്തണമെന്ന് ബിജോയ് നിർബന്ധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ കടയുടമ ബാറ്ററിയുടെ വിലയായ 1,500 രൂപ തിരികെ നൽകി.

എന്നാൽ, പണം കൈപ്പറ്റിയ ശേഷവും പ്രകോപിതനായ ബിജോയ് കടയുടമയുടെ ഷർട്ടിൽ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച ജീവനക്കാരനായ മുഹമ്മദ് അസ്ലവും ബിജോയിയും പിടിവലിക്കിടെ നിലത്തുവീണു.

തുടർന്ന് എഴുന്നേറ്റ ബിജോയ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അസ്ലമിന് നേരെ വീശിയതായാണ് പരാതി. അസ്ലം തിരിഞ്ഞുമാറുന്നതിനിടെ തലയുടെ പിൻഭാഗത്ത് കത്തി തട്ടി മുറിവേറ്റു. പരിക്കേറ്റ അസ്ലം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ രണ്ട് തുന്നലുകൾ ഇട്ടിട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ വർക്കല പോലീസ് ബിജോയിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് നടപടികൾ പൂർത്തിയാക്കി പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പിടിയിലായ ബിജോയ് ആര്യനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണെന്നും വർക്കല പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *