
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ അവ്യക്തത. ഓരോ പ്രദേശത്തെയും സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് നടപടിയെടുക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ഇതാണ് ഇപ്പോള്‍ നിരോധനാജ്ഞയുടെ നടപ്പാലുമായി ബന്ധപ്പെട്ട് സംശയം ഉണ്ടാക്കുന്നത്. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തതാണ് ഈ നിര്‍ദ്ദേശം.
എന്നാല്‍, സംസ്ഥാനത്തെ പൊതുഗതാഗതം പൂര്‍ണ സജ്ജമായതും സര്‍ക്കാര്‍ ഓഫീസുകള്‍ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അങ്ങനെയിരിക്കെ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന ഉത്തരവ് പ്രായോഗികമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഉത്തരവിന്റെ നിയമസാധുതയിലും സംശയമുയരുന്നുണ്ട്. കളക്ടര്‍മാര്‍ക്ക് യുക്തമായ സാഹചര്യങ്ങളില്‍ 144 പ്രഖ്യാപിക്കാന്‍ നേരത്തെതന്നെ അധികാരമുണ്ടെന്നിരിക്കെ ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരും ചീഫ് സെക്രട്ടറിയും ഉത്തരവ് പുറപ്പെടുവിച്ചത് ശരിയായില്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
പൊതുസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാല്‍ ഒക്ടോബര്‍ 30 വരെ അഞ്ച് പേരില്‍ കൂടുതല്‍ സംഘം ചേരുന്നത് അനുവദിക്കാനാകില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. ആശയക്കുഴപ്പം ഉടലെടുത്ത പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം.