Breaking News

നടനും, നാടകകൃത്തും, സംവിധായകനുമായ കാട്ടാക്കട മുരുകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കാട്ടാക്കട : കാഥികനും, നടനും, നാടകകൃത്തും, സംവിധായകനുമായ  കാട്ടാക്കട മുരുകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.1956 ഒക്ടോബർ 16 നു കുരുത്തംകോട് ജനാർദ്ദന പണിക്കാരുടെയും സരസ്വതിയുടെയും മകനായി ജനിച്ച കാട്ടാക്കട മുരുകൻ കഥ പ്രസംഗത്തിലൂടെയാണ്  കലാരംഗത്ത് സജീവമായി തുടങ്ങിയത്. 1973 ൽ തിരുവനന്തപുരം കലോപാസനയുടെ കൊടുങ്കാറ്റു എന്ന നാടകത്തിലൂടെ പ്രൊഫെഷണൽ  നാടക രംഗത്ത് സജീവമാകുകയും, തുടർന്ന് ആറ്റിങ്ങൽ ശ്രീരഞ്ജിനി, കോലം നവചേതന, കോട്ടയം വിശ്വസാരഥി, തിരുവനന്തപുരം ആരാധന, അസിധാര, സംഘചേതന, അതുല്യ, കൊച്ചിൻ ദൃശ്യ കലാഞ്ജലി, കൊല്ലം യവന, കൊല്ലം അനശ്വര, തിരുവനന്തപുരം  ശ്രീരംഗകല, സ്വദേശാഭിമാനി, മലയാള നാടക വേദി, അനുഗ്രഹ, കൊട്ടാരക്കര ആശ്രയ തുടങ്ങിയ സമിതികളിൽ കാട്ടാക്കട മുരുകൻ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കാഥാപ്രസംഗ രംഗത്ത് എത്തിയ മുരുകൻ  അഞ്ഞൂറോളം വേദികളിൽ കഥ പറഞ്ഞിട്ടുണ്ട്. ഒൻപതു നാടകങ്ങൾ രചനയും, സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അമച്വർ നാടക രംഗത്തും സജീവമായിരുന്ന ഇദ്ദേഹം ആകാശവാണിയിലെ നാടക കലാകാരനായിരുന്നു. ചെറുതും വലുതുമായി 150  ഓളം അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര മുൻ നഗരസഭാ കൗൺസിലർ ആയ കുമാരി സുമം ആണ് ഭാര്യ. മക്കൾ മാനസപ്രഭു, അക്ഷര പ്രഭു. ബുധനാഴ്ച രാവിലെ 8 : 30 ന് കാട്ടാക്കട, കുച്ചപ്പുറം റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയിൽ ഭൗതിക ശരീരം പൊതു ദർശനത്തിനു വയ്ക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *