
കോഴിക്കോട്: തിരുകേശം ബോഡി വേസ്റ്റാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനനയ്ക്കെതിരേ കാന്തപുരം വിഭാഗം വീണ്ടും രംഗത്തെത്തി. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി പരിഗണിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്നും യോഗത്തില്‍ വിലയിരുത്തല്‍ ഉണ്ടായി.
ഒരിടവേളയ്ക്കു ശേഷമാണ് തിരുകേശ വിവാദം വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടന്ന ഭരണപക്ഷ-പ്രതിപക്ഷ പോരിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിവാദം ഉടലെടുത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കരുതെന്നും അത് മതവിശ്വസികളുടെ മനസിനെ വേദനിപ്പിക്കുമെന്നും മുഖ്യമന്ത്രിയും എല്‍.ഡി.എഫും നിലപാട് സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുകേശം ബോഡി വേസ്റ്റ് ആണെന്ന താങ്കളുടെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതെ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു. അതിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് രംഗത്തെത്തിയിരുന്നു. തിരുകേശം ബോഡി വേസ്റ്റ് ആണെന്നാണ് തന്റെ വിശ്വാസമെന്നും അല്ലാതെ വിശ്വസിക്കുന്നവര്‍ക്ക് അതാവാമെന്നും മുഖ്യമന്ത്രി വീണ്ടും മറുപടി നല്കി. അതിനുള്ള മറുപടിയെന്ന നിലയിലാണ് കാന്തപുരത്തിന്റെ ഇപ്പോഴത്തെ പ്രസ്താവന വന്നിട്ടുള്ളത്.
വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍നിന്നും പ്രസ്താവനകളില്‍നിന്നും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും മുസ്ലീം ജമാഅത്ത് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.