Breaking News

ഗുരുതര രോഗം ബാധിച്ചിട്ടും പക ഒടുങ്ങിയില്ല: സനല്‍ കൊലപാതകം നടത്തിയത് ഊന്നുവടിയുടെ സഹായത്തില്‍

തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്‍ത്തകന്‍ നിധിലിനെ വെട്ടിക്കൊന്ന അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട സനല്‍ പിടിയിലായത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍വച്ച്. നിധിലിനെ കൊലപ്പെടുത്തുന്നതിനിടെ കൂട്ടുപ്രതികളുടെ കൈകൊണ്ടുതന്നെ സനലിന്റെ വിരലും അറ്റുതൂങ്ങുകയായിരുന്നു.
ഇയാള്‍ രണ്ട് വര്‍ഷമായി നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ ശാരീരിക അവശതയുള്ള ഒരാളാണെന്ന ദൃക്‌സാക്ഷി മൊഴിയാണ് പോലീസിന് സനലിനെ തിരിച്ചറിയാന്‍ സഹായകരമായത്.
കാന്‍സര്‍ ബാധിച്ചതിനാല്‍ സനലിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനുശേഷം വടിയുടെ സഹായമില്ലാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. തൃശൂര്‍ പാലിയേക്കരയില്‍നിന്നാണ് സനല്‍ ഉള്‍പ്പെട്ട അക്രമിസംഘം കൊലപാതകം നടത്താന്‍ ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്തത്. ചേര്‍പ്പിലെ വാടക വീട്ടിലാണു സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്.
നിധില്‍ അന്തിക്കാട് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ വരുമെന്ന കാര്യം അറിയാമായിരുന്ന പ്രതികള്‍ ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങി നേരെ അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തെത്തി. സനല്‍ ഒഴികെ മറ്റെല്ലാ പ്രതികളും നന്നായി മദ്യപിച്ചിരുന്നു.
സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടെങ്കിലും നിധില്‍ ഒറ്റയ്ക്കല്ലായിരുന്നതിനാല്‍ തല്‍ക്കാലം പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ച ശേഷം വീണ്ടും അന്തിക്കാട് ഭാഗത്തേക്കു പോയി. മാങ്ങാട്ടുകരയില്‍ എത്തിയപ്പോള്‍ നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ട പ്രതികള്‍ അതേ വേഗതയില്‍തന്നെ കാര്‍ പായിച്ച് നിധിലിന്റെ കാറിലിടിച്ചു.
കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് വിരലിനു സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍നിന്ന് തന്നെ വെട്ടുകൊണ്ടത്.
നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാര്‍ സ്റ്റാര്‍ട്ടാക്കി രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അതുവഴി വന്ന മറ്റൊരു കാര്‍ ആയുധം കാട്ടി തടഞ്ഞുനിര്‍ത്തി. ഈ കാറിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
വഴിക്കുവച്ച് കാറില്‍നിന്നിറങ്ങി ഓട്ടോയില്‍ തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ സനല്‍ അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
ഇതിനിടെ, കൊലയാളി സംഘത്തിലെ ഒരാള്‍ക്കു പരുക്കേറ്റതായി നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. നാട്ടുകാര്‍ പറഞ്ഞ ആള്‍ സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു. പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി കയ്യോടെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ അക്രമത്തില്‍ പങ്കുണ്ടെന്ന് സനല്‍ സമ്മതിച്ചുവെങ്കിലും കൂട്ടുപ്രതികള്‍ എവിടെയാണെന്ന കാര്യം അറിയില്ലായെന്നാണ് പോലീസിന് മൊഴി നല്‍കിയത്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഈ സംഘങ്ങള്‍ തമ്മില്‍ പലതവണ സംഘട്ടനങ്ങള്‍ നടന്നിരുന്നു. ഈ സംഘട്ടനങ്ങളിലൊക്കെത്തന്നെ വാഹനമിടിച്ചു വീഴ്ത്തി വെട്ടിപ്പരിക്കേല്‍പിക്കുന്ന എന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. നിധിലിനെ കൊല്ലാനും ഇതേ മാര്‍ഗ്ഗമാണ് ഇവര്‍ സ്വീകരിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *