
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് ട്വിറ്റരിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ആദ്യഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളുമാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 30 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്-ഹര്‍ഷവര്‍ധന്‍ ട്വിറ്റ് ചെയ്തു.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടന്നുവരികയാണ്. കോവിഡ് വാക്‌സിനെക്കുറിച്ച് എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതായും വാക്‌സിന്‍ സംബന്ധിച്ച് യാതൊരുവിധ തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള തെറ്റിദ്ധാരണകളും പരത്താന്‍ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്‌സിന്‍ ആദ്യമായി നല്‍കിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമായി. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായും അദ്ദഹം പറഞ്ഞു.
ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ 28, 29 തീയതികളിലായി ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തയ്യാറാക്കിയിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.
ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീല്‍ഡിന് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് ശുപാര്‍ശ നല്‍കിയിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് നിര്‍മിക്കുന്നത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്‌സിനും വൈകാതെ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.