ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യം

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയില്‍ കഴിഞ്ഞ ഹാരിസിന്റെ മരണത്തെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. ഹാരിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഹാരിസിന്റെ അഞ്ച് സഹോദരിമാരും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നേരിട്ട് പരാതി നല്‍കും.
ഹാരിസിന്റെ മരണത്തില്‍ അന്നേ തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു. ഇക്കാര്യമുന്നയിച്ച് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും അവര്‍ വെളിപ്പെടുത്തി. നഴ്‌സിങ് ഓഫിസറെ മാത്രം സസ്‌പെന്‍ഡ് ചെയ്തിട്ട് കാര്യമില്ലെന്നും ആരൊക്കെയാണോ ഉത്തരവാദികള്‍ അവരെയെല്ലാം വെളിച്ചത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
സത്യം വിളിച്ചുപറഞ്ഞ നഴ്‌സിംഗ് ഓഫീസറെയല്ല കുറ്റം ചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്. മാത്രമല്ല, ഹാരിസ് ചികിത്സയിലായിരിക്കെ വന്‍ തുക വരുന്ന ഉപകരണം തങ്ങളെക്കൊണ്ടു നിര്‍ബന്ധിപ്പിച്ചു വാങ്ങിപ്പിച്ചുവെങ്കിലും അതുപയോഗിച്ചില്ലെന്നും കുടുംബം പറയുന്നു. ഈ വിവരം ചൂണ്ടിക്കാട്ടി കുടുംബം പോലീസിന് പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരെയെല്ലാം നേരില്‍ കണ്ട് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
എന്നാല്‍, നഴ്‌സിങ് ഓഫിസര്‍ ജലജാദേവിയുടെ ശബ്ദസന്ദേശത്തില്‍ രോഗിയുടെ മരണവുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അസത്യമാണെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിക്കുമ്പോഴും ഹാരിസ് കോവിഡ് പോസിറ്റീവ് ആയി അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഈ അവസ്ഥയില്‍ രോഗിയെ വാര്‍ഡിലേക്ക് മാറ്റുമെന്നു ശബ്ദസന്ദേശത്തില്‍ പറയുന്നത് അശാസ്ത്രീയമാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവര്‍ സംയുക്തമായി തയാറാക്കിയ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.