
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ച സംഭവത്തില്‍ നഴ്‌സിങ് ഓഫിസര്‍ ജലജകുമാരിയെ സസ്‌പെന്‍ഡ് ചെയ്തു. ഹാരിസ് മരിച്ചത് കോവിഡ് കാരണമല്ലെന്നും ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ ജലജകുമാരിയുടെ പേരില്‍ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു.
വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നതുകാരണം ഓക്‌സിജന്‍ കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും നടന്നിട്ടുണ്ടെന്നും ശബ്ദരേഖയില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ഉത്തരവിട്ടിരുന്നു.
ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. വാര്‍ഡുകളില്‍ ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ചില നഴ്‌സുമാരുണ്ടെന്നും അവര്‍ക്കുള്ള മുന്നറിയിപ്പെന്ന നിലയിലാണ് ഇത്തരമൊരു ശബ്ദ സന്ദേശം നല്‍കിയതെന്നുമായിരുന്നു ജലജകുമാരിയുടെ വിശദീകരണം.