
മുംബൈ: കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ‘ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തിയിട്ട് ഒരു വര്‍ഷമാകുന്നു. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പലരും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഇപ്പോള്‍ അത് ചെയ്തു കാണിക്കു എന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ്’-ഉദ്ദവ് താക്കറെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.
Also Read : ബിജെപിയെ വലിച്ച് കീറി ശിവസേന!
ശിവസേനയുടെ നേതൃത്വത്തിലുള്ള ദസ്ഹറ റാലി അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി കൊറോണ വാക്‌സിനെ മാറ്റിയ വിഷയത്തിലും ഉദ്ധവ് കടുത്ത വിമര്‍ശനം ഉന്നയിച്ചു.
ബിഹാര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കുടിയേറ്റക്കാരാണോയെന്ന് ചോദിച്ച ഉദ്ധവ് നിങ്ങളെയോര്‍ത്ത് ജനം ലജ്ജിക്കുന്നുവെന്നും പരിഹസിച്ചു. ശിവസേന തലവന്‍ മതേതരവാദിയായോ എന്ന മഹാരാഷ്ട്ര ഗവണറുടെ പരിഹാസത്തിനും രൂക്ഷമായ ഭാഷയില്‍ ഉദ്ധവ് മറുപടി നല്‍കി.
‘ഞങ്ങളുടെ ഹിന്ദുത്വം നിങ്ങളുടെതിനെക്കാള്‍ പഴക്കമേറിയതും വ്യത്യസ്തവുമാണ്. മറ്റുള്ള ആളുകള്‍ ഇതിനെക്കുറിച്ച് പറയാന്‍ പോലും ഭയന്നിരുന്ന കാലത്താണ് അന്തരിച്ച ബാലസാഹബ് താക്കറെ ഇതിനെക്കുറിച്ച് സംസാരിച്ചത്. ഞങ്ങളുടെ ഹിന്ദുത്വം ആരാധനമൂര്‍ത്തികളിലോ ക്ഷേത്രങ്ങളിലോ പൂജകളിലോ പാത്രം കൊട്ടുന്നതിലോ അല്ലെങ്കില്‍ മണിയടിക്കുന്നതിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഞങ്ങളുടെ ഹിന്ദുത്വം തന്നെയാണ് ഞങ്ങളുടെ ദേശീയത’- ഉദ്ധവ് വ്യക്തമാക്കി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പതിവായി ദസ്ഹറ ചടങ്ങ് നടത്തിയിരുന്ന ശിവാജി പാര്‍ക്ക് ഒഴിവാക്കി ദാദറിലെ സവര്‍ക്കര്‍ ഹാളിലാണ് ശിവസേന ചടങ്ങ് നടത്തിയത്. അനധികൃത നിര്‍മ്മാണം നടത്തിയ കങ്കണ റാവത്തിന്റെ ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ അടുത്തിടെ വാക്‌പോര് കടുത്തിരുന്നു.