![]()
കൊല്ലം: ജമ്മുകാഷ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി മലയാളി ജവാന് വീരമൃത്യു. ജവാന്‍ കൊല്ലപ്പെട്ടെന്ന് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ആയൂര്‍ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍ പ്രഹ്ലാദന്‍റെ മകന്‍ പി.എസ്. അഭിജിത്ത് (22) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നു വര്‍ഷം മുന്‍പാണ് അഭിജിത്ത് കരസേനയില്‍ ചേര്‍ന്നത്. ഊട്ടിയിലായിരുന്നു ആദ്യനിയമനം. കഴിഞ്ഞ ഓണത്തിനു വീട്ടിലെത്തിയിരുന്നു. അവധിക്കു ശേഷം കാഷ്മീരിലേക്കു നിയോഗിക്കുകയായിരുന്നു. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ശ്രീകലയാണു മാതാവ്. സഹോദരി: കസ്തൂരി.സംസ്കാരം പിന്നീട്.