
ന്യൂഡല്‍ഹി: ബോളിവുഡ് നായിക ഊര്‍മിള മണ്ടോത്കറെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ ശിവസേന തീരുമാനിച്ചു. സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവര്‍ണറുടെ ക്വാട്ടയില്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര മന്ത്രിസഭ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
അതിന് പിന്നാലെയാണ് ഊര്‍മിള മണ്ടോത്കറെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ കുറിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പ്രസ്താവനയിറക്കിയത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചതായും നാമനിര്‍ദേശം ചെയ്യുന്നതിനെ അവര്‍ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
നിയമസഭയുടെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി 12 പേരുകള്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും. നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്തില്‍ മത്സരിച്ച ഊര്‍മിള മതോണ്ട്കര്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെടുകയായിരുന്നു. ഊര്‍മിള മതോണ്ട്കറെ ശിവസേന വക്താവായി നിയമിക്കാനും സാധ്യതയുണ്ട്.