Breaking News

ഈ രക്തത്തില്‍ പങ്കില്ല; ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും

പിണറായി വിജയനും എം.ശിവശങ്കറും (ഫയല്‍ ചിത്രം)

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സര്‍ക്കാരും സി.പി.എമ്മും. രണ്ട് ദിവസം മുമ്പുവരെ ശിവശങ്കറിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവര്‍ ഇപ്പോള്‍ സ്വന്തം പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കാതെ നോക്കാനുള്ള തത്രപ്പാടിലാണ്.
അതിന്റെ ഭാഗമായി ശിവശങ്കര്‍ ചെയ്ത കുറ്റകൃത്യം വ്യക്തിപരമാണെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വാദിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തിപരമായി ചെയ്ത കുറ്റത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എമ്മും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ രാജിക്കായി ഉയരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സിപിഎം തള്ളുകയും ചെയ്തിട്ടുണ്ട്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിയുടേത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന വാദത്തില്‍നിന്ന് സി.പി.എം പുറകോട്ട് പോയിട്ടുണ്ട്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ ആവര്‍ത്തിച്ചത് ഇതിന് തെളിവാണ്.
സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അധികാരമുപയോഗിച്ച് കസ്റ്റംസിനെ വിളിച്ചുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പറയാന്‍ ഇനി സി.പിഎമ്മിന് സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വാദവും ഇനി നിലനില്‍ക്കില്ലെന്ന് സി.പി.എം മനസ്സിലാക്കുന്നുണ്ട്.
ശിവശങ്കറിന്റെ അറസ്റ്റില്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇതുകൊണ്ട് ക്ഷീണമുണ്ടായിട്ടില്ലായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *