
തിരുവനന്തപുരം: ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജി വെക്കേണ്ടിയിരുന്നതെന്ന് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെ ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം ആരോപിച്ചു. കോടിയേരി ബാലകൃഷ്ണന് സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇപ്പോള്‍ പാര്‍ട്ടിയും മകനും ഒന്നാണെന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ ചെന്നിത്തല മകന് തെറ്റു ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്ന വാദത്തെ പരിഹസിക്കുകയും ചെയ്തു. ഈ ഗുരുതരമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനം ഒഴിയല്‍ കൊണ്ടുമാത്രം ആകില്ല. മുഖ്യമന്ത്രി രാജിവെച്ച് ഒരു മാതൃകയാണ് കാട്ടേണ്ടത്-അദ്ദേഹം ആവശ്യപ്പെട്ടു.