Breaking News

അനുജൻ ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

വർക്കല: കാറാത്തലയിൽ അനുജൻ ജ്യേഷ്ഠനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇന്ന് കൃത്യം നടന്ന സ്ഥലത്തെത്തിച്ച് വർക്കല പോലീസ് തെളിവെടുപ്പ് നടത്തി. വർക്കല കാറാത്തല സ്വദേശിയായ അജിത്ത് വിലാസത്തിൽ 38 വയസ്സുള്ള അജിത് ആണ് കൊല്ലപ്പെട്ടത്. സഹോദരൻ 36 വയസ്സുള്ള അജീഷിനെ വർക്കല പോലീസ് സംഭവസ്ഥലത്തു നിന്നുതന്നെ അറസ്റ്റ് ചെയ്തു.

പോലീസിൻറെ സയന്റിഫിക് വിഭാഗങ്ങളായ വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് എത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് രാവിലെ 10 മണിയോടുകൂടി കൃത്യം നടന്ന വീട്ടിലെത്തിച്ച് കൂടുതൽ തെളിവെടുപ്പുകൾ നടത്തി. പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധമായ തേപ്പുകരണ്ടി വീട്ടിലെ അടുക്കളയിൽ വിറകു കഷണങ്ങൾക്കിടയിൽ നിന്നും പ്രതി പോലീസിന് എടുത്തു നൽകി.

2015 ൽ പ്രദേശവാസിയായ 26 വയസുള്ള ദീപു എന്ന യു വാവിനെ അടിച്ചുകൊന്ന കേസിൽ പ്രതികളാണ് ഈ സഹോദരന്മാർ. ഈ കേസിൽ ഒന്നാം പ്രതി കൊല്ലപ്പെട്ട അജിത്തും രണ്ടാംപ്രതി സഹോദരൻ അജീഷുമാണ് ഇവരെ കൂടാതെ പ്രദേശത്തുള്ള മറ്റു രണ്ടുപേരും ഈ കേസിൽ പ്രതികളാണ്. പ്രസ്തുത കേസിൻ്റെ വിചാരണ അന്തിമഘട്ടത്തിലാണ്. ഈ കേസിൽ ശിക്ഷ വരുന്നതിനെ കുറിച്ചുള്ള തർക്കമാണ് വാക്കേറ്റവും തുടർന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്ന പണിയായുധങ്ങളായ വലിയ കമ്പിയും മൂർച്ചയേറിയ തേപ്പുകരണ്ടിയും ഉപയോഗിച്ചാണ് പ്രതി ജ്യേഷ്ഠനായ അജിത്തിനെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറഞ്ഞത്.

പ്രതി കുടുംബവീട്ടിൽ നിന്നും അല്പം മാറി പഞ്ചായത്ത് വക കിട്ടിയ മറ്റൊരു വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇരുവരും അവിവാഹിതരാണ്. സഹോദരങ്ങളായ ഇവർ കെട്ടിട നിർമ്മാണ തൊഴിലാളികളാണ്. പ്രതിയായ അജീഷ് ഇടയ്ക്ക് മത്സ്യ കച്ചവടത്തിനും പോകാറുണ്ട്. തലയ്ക്കും മുഖത്തിനും ഗുരുതരമായ മുറിവേറ്റ അജിത്തിനെ വർക്കല പോലീസും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

കൊല്ലപ്പെട്ട അജിത്തിന്റെ തലയിലും മുഖത്തുമായി ഏഴോളം ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുഖത്തിനേറ്റ ശക്തമായ പ്രഹരത്തിൽ മൂക്കിൻറെ പാലം പൊട്ടിയും , തലയോട്ടി പൊട്ടിയും അമിതമായ രക്തസ്രാവം ഉണ്ടായതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം. ഞായറാഴ്ച രാത്രി 9.30 കൂടിയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. പ്രതിയെ സംഭവസ്ഥലത്തു നിന്നു തന്നെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് ഉച്ചയോടെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Related posts

Leave a Reply

Your email address will not be published. Required fields are marked *