

വർക്കല: പാപനാശത്തു വിനോദസഞ്ചാരത്തിനായി എത്തിയ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. വർക്കല ചെറുകുന്നം വികാസ് ഭവനിൽ 39 വയസുള്ള വിപിൻ ആണ് അറസ്റ്റിലായത്. ഹെലിപാഡ് ക്ലിഫ് മേഖലയിൽ സന്ദർശനത്തിന് എത്തിയ യുവതി കടലിലേക്ക് സൂര്യാസ്തമയം നോക്കിനിൽക്കവേ സംഘം ചേർന്ന് എത്തിയ പ്രതി യുവതിയോട് അശ്ലീലം സംസാരിക്കുകയും മോശമായി പെരുമാറാൻ ശ്രമിക്കുകയും ചെയ്ത യുവാവിനെ യുവതി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

യുവതിയുടെ പിടിയിൽ നിന്നും കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പ്രദേശവാസികളും, ടൂറിസം പോലീസും ചേർന്ന് പിടികൂടി. വിവരമറിഞ്ഞ് എത്തിയ വർക്കല പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു .

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളി യുവതിയാണ് ധൈര്യം കൈവിടാതെ പ്രതികരിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും, ടൂറിസം മേഖലയിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാകുവാൻ ഇടയുണ്ടാകുമെന്നും പോലീസ് കോടതിയെ അറിയിച്ചു,
പൊതു സ്ഥലത്ത് വച്ച് പരസ്യമായി ലൈംഗിക വേഴ്ച ആവശ്യപ്പെട്ട് പരാത്രിക്കാരിയെ അപമാനിച്ച ക്രിമിനൽ സ്വഭാവമുള്ള പ്രതി യാതൊരുവിധ ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്നും, അതുകൊണ്ട് തന്നെ പ്രതിക്ക് ഉടനടി ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും മറ്റും സ്വാധീനിച്ച് പ്രാരംഭ ഘട്ടത്തിലിരിക്കുന്ന കേസിന്റെ അന്വേഷണത്തെ വഴിതിരിച്ച് വിടാൻ സാധ്യതയുണ്ടെന്നും പോലീസ് കോടതിക്ക് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
