
വര്‍ക്കല: വനിതാദിനാഘോഷത്തിന്റെ ഭാഗമായി വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതാദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് വര്‍ക്കല പോലീസ് സ്‌റ്റേഷന്റെ ചുമതല(എസ്.എച്ച്.ഒ) ശ്യാമകുമാരിക്കാണ്. വെഞ്ഞാറമൂട് സ്‌റ്റേഷനിലെ വനിതാ ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടറാണ് ശ്യാമകുമാരി. വനിതാദിനത്തില്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനിലെ പി.ആര്‍.ഒ ഉള്‍പ്പെടെയുള്ള പ്രധാന ചുമതലകളെല്ലാം വനിതാ ഉദ്യോഗസ്ഥരാണ് നിര്‍വഹിക്കുക.
വനിതാദിനാഘോഷത്തിന്റെ ഭാഗമായി വനിതകളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നിര്‍ഭയ ആപ്പ് പരിചയപ്പെടുത്തി. വനിതകള്‍ക്ക് ഒരു ആയുധം കൊണ്ടുനടക്കുന്നതുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് നിര്‍ഭയ ആപ്പ് എന്ന് വനിതാ എസ്.എച്ച്.ഒ ശ്യാമകുമാരി പറഞ്ഞു. സാധാരണ ആപ്പ് കൈകാര്യം ചെയ്യുന്നതുപോലെതന്നെ നിര്‍ഭയ ആപ് ഉപയോഗിക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍നിന്ന് നിര്‍ഭയ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പേര്, ഇ മെയില്‍ ഐ.ഡി, ഫോണ്‍ നമ്പര്‍ തുടങ്ങിയ ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഈ ആപ് ഉപയോഗിക്കുന്നവര്‍ക്ക് പോലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ നിര്‍ഭയ ആപ്പിലുള്ള ഹെല്‍പ് ബട്ടനില്‍ 5 സെക്കന്‍ഡ് ദൈര്‍ഘ്യത്തില്‍ പ്രസ് ചെയ്യണം. അതോടെ നിങ്ങളുടെ ലൊക്കേഷന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്കോ കണ്‍ട്രോള്‍ റൂമിലേക്കോ എത്തും. നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് പോലീസ് എത്തിച്ചേരുകയും ചെയ്യും. മാത്രമല്ല, ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് അവരുടെ അടുത്ത ബന്ധുവിന്റെ നമ്പര്‍ കൂടി കൊടുക്കാവുന്നതാണ്. ആ നമ്പരിലേക്കും വിവരങ്ങള്‍ എത്തും. ഇന്റര്‍നെറ്റ് സിഗ്നല്‍ ഇല്ലാത്ത സ്ഥലത്ത് നില്‍ക്കുകയാണെങ്കിലും കുഴപ്പമില്ലാതെ ഈ ആപ്പ് ഉപയോഗിക്കാന്‍ പറ്റും. എന്നാല്‍, ഈ ആപ്പ് ദുരുപയോഗം ചെയ്യാതെ ശ്രദ്ധിക്കണം-വനിത എസ്.എച്ച്.ഒ വിശദീകരിച്ചു.
വനിതാ എസ്.എച്ച്.ഒ ശ്യാമകുമാരിയുടെ ചുമതലയില്‍ ഒരു മിസ്സിംഗ് കേസിനും ഇന്ന് തീരുമാനമായി. വാച്ചര്‍മുക്ക് സ്വദേശിയായ ശരണ്യ(22)യെയാണ് കാണാതായത്. ആ കേസില്‍ ശരണ്യയെയും സുഹൃത്ത് വിളബ്ഭാഗം സ്വദേശിയായ ഷിജി(31)യെയും കണ്ടെത്തി. ഉച്ചയ്ക്ക് ഇവരെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
വനിതാദിനത്തിന്റെ ഭാഗമായി അംഗന്‍വാടി ടീച്ചേഴ്‌സിന്റെ ഒരു സംഘം പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ അംഗന്‍വാടി ടീച്ചേഴ്‌സുമായി സംവദിച്ചു. പരിപാടി ഡി.വൈ.എസ്.പി ബാബുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫീസര്‍ ജയപ്രസാദ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ വനിതാ എസ്.എച്ച്.ഒ ശ്യാമകുമാരി അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ഡെവലപ്‌മെന്റ് അഡീഷണല്‍ പ്രോജക്ട് ഓഫീസര്‍ ജ്യോതിഷ്മതി ആശംസയര്‍പ്പിച്ചു. വനിതാ പി.ആര്‍.ഒ അനിത കൃതജ്ഞത രേഖപ്പെടുത്തി. സതിയെന്ന അംഗന്‍വാടി ടീച്ചര്‍ ഒരു പരാതിയും എസ്.എച്ച്.ഒ ശ്യാമകുമാരിക്ക് മുമ്പില്‍ ബോധിപ്പിച്ചു. ഇതേ പരാതി മുമ്പ് കൊടുത്തിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. അതിനാലാണ് വനിതാ എസ്.എച്ച്.ഒയ്ക്ക് മുമ്പില്‍ വീണ്ടും പരാതി ബോധിപ്പിച്ചത്.

പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടത്തി. വിളവെടുപ്പ് എസ്.എച്ച്.ഒ ശ്യാമകുമാരി ഉദ്ഘാടനം ചെയ്തു. പോലീസ് സ്‌റ്റേഷന്‍ നവീകരിച്ചപ്പോള്‍ കാടുപിടിച്ചുകിടന്ന സ്‌റ്റേഷന്‍ വളപ്പ് വെട്ടിത്തെളിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചീര കൃഷിയും ചെയ്തത്. അതിന്റെ വിളവെടുത്ത് ഹരിത മിഷന് കൈമാറി. സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ അംഗന്‍വാടി ടീച്ചര്‍മാര്‍ക്കും വിളവെടുത്ത ചീര വിതരണം ചെയ്തു. അഭിമാനകരവും മാതൃകാപരമായ പരിപാടികളാണ് വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ വനിതാദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്.