
ചണ്ഡീഗഡ്: പതിനെട്ടുവയസ്സിന് താഴെയാണെങ്കിലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് വിവാഹം സാധുവാകുമെന്നും കോടതി വിധിയില്‍ പറയുന്നു.
36 വയസ്സുള്ള വ്യക്തിയും 17കാരിയും തമ്മിലുള്ള വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരുടെയും വീട്ടുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി. വിഷയം കോടതിയിലെത്തിയതോടെ ഇരുവരും പൊലീസില്‍ സംരക്ഷണം തേടിയിരുന്നു.
പ്രായവ്യത്യാസം കാരണം ഇരു കൂട്ടരുടെയും വീട്ടുകാര്‍ വിവാഹത്തിന് എതിരാണെന്നും തങ്ങളുടെ ജീവനു സംരക്ഷണവും വീട്ടുകാരില്‍ നിന്നും മോചനവും നല്‍കണമെന്ന് ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്നും ജനുവരി 21 ന് വിവാഹിതരായെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
വിവാഹത്തിന്റെ സാധുതയെന്നതിലുപരി ഇരുവരുടെയും ജീവന് ഭീഷണിയുണ്ടെന്ന വാദമാണ് കോടതി പരിഗണിച്ചതെന്നും ഹൈക്കോടതി ജഡ്ജി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഇരുവരുടെയും ജീവന് സംരക്ഷണം നല്‍കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോടതി വിധിയില്‍ അടിയന്തര പ്രാധാന്യത്തോടെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിവിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണം.