

വയനാട്: വയനാട്ടിനെ ദുരന്തഭൂമിയാക്കി മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 50 കടന്നതായി റിപ്പോര്‍ട്ടുകള്‍. 44 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് ദുരന്തം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ എത്തിയത്. മരണപ്പെട്ടവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ചൂരല്‍മലയില്‍ തകര്‍ന്നടിഞ്ഞ വീട്ടില്‍നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തി. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളില്‍ നാനൂറോളം കുടുംബങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും വിദേശികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലധികം പേര് കുടുങ്ങിക്കിടക്കുകയാണ്.


രക്ഷാപ്രവര്‍ത്തനം അതീവദുഷ്ക്കരമായ സ്ഥിതിയാണിവിടങ്ങളിലുള്ളത്. കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി കെ രാജന് അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റര്‍ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലാണ് കണ്ടെത്തിയത്. മൂന്ന് വയസ് പ്രാമുള്ള ഒരു കുഞ്ഞിന്റേതുള്പ്പെട്ട 11 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്.


ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളില്‍ അഞ്ച് മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞതായി ആദിവാസികള്‍ പറഞ്ഞു. എന്നാല്‍ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയത് വയനാട്ടില്‍നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ തന്നെയാണെന്ന് ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. മുണ്ടക്കൈയിലേക്ക് ആര്‍ക്കും കടക്കാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. അംഗഭംഗം വന്ന നിലയിലാണ് മൃതദേഹങ്ങളില്‍ പലതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരുതുന്നതിലും ഭീകരമാണ് മുണ്ടക്കൈയിലെ സ്ഥിതിയെന്ന് സംഭവസ്ഥലത്തുള്ള ടി.സിദ്ദിഖ് എം.എല്‍.എയും പ്രതികരിച്ചു.

