
കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതിയായ കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 24 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതി. ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും ഈടാക്കി. ഈ തുക പെണ്‍കുട്ടിക്ക് നല്‍കണം.
വിതുര പീഡനവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെല്ലാം സുരേഷാണ് ഒന്നാം പ്രതി. അതില്‍ ഒരു കേസിലാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. ബാക്കിയുള്ള 23 കേസുകളില്‍കൂടി ഇയാള്‍ വിചാരണ നേരിടേണ്ടതുണ്ട്. ഈ കേസുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. 1996-ലാണ് കേരളത്തെ ഞെട്ടിച്ച വിതുര പീഡനം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ പ്രതിക്കെതിരേ ചുമത്തിയിരുന്നത്. കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്.