Breaking News

വിസ തട്ടിപ്പ്: 3 പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു

അറസ്റ്റിലായ രാജി, സുമേഷ്, ശ്രീധരന്‍

വര്‍ക്കല: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ് നടത്തിയ 3 പേരെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി രാജി(35), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ സുമേഷ്(33), ശ്രീധരന്‍(59) എന്നിവരാണ് അറസ്റ്റിലായത്. വര്‍ക്കല പുല്ലാനിയോട് സ്വദേശി ജോളിയാണ് തട്ടിപ്പിനിരയായത്. സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു.
പത്തനതിട്ട ജില്ലയില്‍ തിരുവല്ലയിലുള്ള ഒലീവ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ മാനേജിംഗ് പാര്‍ട്ട്നര്‍ ആണ് ഒന്നാം പ്രതിയായ രാജി. രണ്ടാം പ്രതിയായ സുമേഷ് ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ്. മൂന്നാം പ്രതി ശ്രീധരന്‍ രണ്ടാം പ്രതിയുടെ അച്ഛനും ഇടനിലക്കാരനായി നിന്ന് ആള്‍ക്കാരെ ക്യാന്‍വാസ് ചെയ്യുന്നയാളുമാണ്. 2018 ഒക്ടോബര്‍ 1 ന് ബാങ്ക് മുഖാന്തിരമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. പണം ലഭിച്ച ശേഷം പ്രതികള്‍ വ്യാജ വിസയുടെ കോപ്പി നല്‍കി സിംഗപ്പൂരിലേക്ക് പോകാനുള്ള മെഡിക്കല്‍ നടത്തിയ ശേഷം വിസയുടെ വ്യാജകോപ്പി നല്‍കി പറ്റിക്കുകയായിരുന്നു.
പരാതിക്കാരന് പ്രതികള്‍ നല്‍കിയ മലേഷ്യന്‍ കമ്പനിയുടെ പേരിലുള്ള ജോബ് കണ്‍ഫര്‍മേഷന്‍ ലെറ്റര്‍, എംപ്ലോയ്‌മെന്റ് കോണ്‍ട്രാക്ട് എന്നിവ വ്യാജമായി നിര്‍മ്മിച്ചതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആള്‍ക്കാര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, വനിതാ സി.പി.ഒ രമ്യ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *