

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ വീഡിയോ ചിത്രീകരിക്കുന്നതിന് നാഷണൽ ഹൈവേയിൽ അപകടകരമായി വാഹനം ഓടിച്ച വർക്കല സ്വദേശികളായ യുവാക്കൽക്കെതിരെ ആർ.ടി.ഒ എൻഫോഴ്സ്മെൻറ് കേസെടുത്തു.വലത് വശത്ത് കൂടെ വെള്ള ലൈൻ മുറിച്ച് കടന്ന്, കൈകൾ ഹാൻഡിൽ നിന്ന് വിട്ട്, എതിർ ദിശയിൽ വരുന്ന വലിയ വാഹനങ്ങളോട് അടുപ്പിച്ച് അമിത വേഗത്തിൽ ഞായറാഴ്ച വൈകുന്നേരം ദേശീയ പാതയിൽ കല്ലമ്പലത്ത് നിന്നും പാരിപ്പള്ളിക്ക് ന്യൂ ജൻ ബൈക്കുകൾ ഓടിച്ച വർക്കല,കല്ലമ്പലം സ്വദേശികളായ ആദിൽ, ഷിജിൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. ഇവരുടെ ലൈസെൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു .
ഈ സംഭവം അത് വഴിയാത്ര ചെയ്ത മറ്റുള്ളവർ മൊബൈലിൽ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു. എൻഫോഴ്സ് മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി.കെ കരൺ ന്റെ നേതൃത്വത്തിൽ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സരിഗ ജ്യോതി ,ശിവപ്രസാദ്, അരുൺ കൃഷ്ണ, മുരളീധരൻ പിള്ള എന്നിവരായിരുന്നു പരിശോധന നടത്തിയത്. അമിത വേഗതയിലും , സൈലെൻസ്റിന്റെ ശബ്ദം കൂട്ടിയും ,അപകടകരമാം വിധം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അതിനുവേണ്ടി
ഓപ്പറേഷൻ റാഷ് എന്ന പേരിൽ മോട്ടോർ വാഹനവകുപ്പ് പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി. ആർ .ടി .ഓ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബൃന്ദ സനിൽ പറഞ്ഞു .
കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിലുള്ള ഇരുന്നൂറോളം വാഹനങ്ങൾ പിടികൂടിയതായും പത്ത് ലക്ഷത്തോളം രൂപ പിഴയീടാക്കിയതായും, അപകടകരമായി വാഹനം ഓടിച്ചവരുടെ ലൈസൻസിനെതിരെ നടപടിയുണ്ടാകുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. സാജൻ അറിയിച്ചു.