Breaking News

വെട്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക നിയമനം; പ്രതിഷേധം, യുഡിഎഫ് മെമ്പർമാർ അറസ്റ്റിൽ

വെട്ടൂർ പഞ്ചായത്തു കാര്യാലയത്തിന് മുൻപിൽ പ്രതിക്ഷേധിക്കുന്ന യു.ഡി .എഫ് .പ്രവർത്തകർ

വർക്കല: വെട്ടൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ താത്കാലിക നിയമനത്തെ ചൊല്ലി പ്രതിഷേധം. എൽഡിഎഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് മെമ്പർമാരും നേതാക്കളുമാണ് പ്രതിഷേധിച്ചത് . പഞ്ചായത്ത് പ്രസിഡണ്ടിന്റ്റെ മുറിയിൽ കയറി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു യുഡിഎഫിന്റ്റെ പ്രതിഷേധം . പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം.വെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രം ആക്കി ഉയർത്തിയപ്പോൾ നിലവിൽ വന്ന അധിക തസ്തികകളിലെ അറ്റൻഡർ തസ്തികയിൽ ജോലി ചെയ്തിരുന്ന നസിയ ഫാസിൽ 45 ദിവസത്തേക്ക് ഗർഭകാല അവധിയിലായിരുന്നു. അവധിക്ക് അപേക്ഷ നൽകി അധികൃതരിൽ നിന്നും അനുമതി വാങ്ങിയാണ് അവർ അവധിയിൽ പ്രവേശിച്ചത് . എന്നാൽ അവധി കഴിഞ്ഞ് തിരിച്ചെത്തിയ നസിയയെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പഞ്ചായത്ത് അധികൃതർ അനുമതി നൽകിയില്ല. 95 ദിവസം ജോലി ചെയ്തതിനു ശേഷമാണ് നസിയ അവധിക്ക് അപേക്ഷിച്ചത്. ഇതിനിടെ ഇന്ന് രാവിലെ അറ്റൻഡർ തസ്തികയിലേക്ക് വേറെ ആളിനെ നിയമിക്കാനുള്ള ഇൻറർവ്യൂ നടക്കുന്നു എന്ന് അറിഞ്ഞ നസിയ കൈ കുഞ്ഞു ഉൾപ്പെടെ തൻറെ മൂന്നു മക്കളുമായി പഞ്ചായത്ത് ഓഫീസിൽ എത്തുകയായിരുന്നു. നസിയയുടെ സങ്കടം മനസ്സിലാക്കിയ യുഡിഎഫ് അംഗങ്ങൾ അവർക്കൊപ്പം കൂടിയതോടെയാണ് സംഭവം പ്രതിഷേധത്തിലേക്ക് നീങ്ങിയത്.

പ്രതിക്ഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റുന്നു

ആദ്യം പഞ്ചായത്ത് സെക്രട്ടറിയുടെ മുറിക്ക് മുന്നിൽ സമരം നടത്തിയ പ്രതിഷേധക്കാർ പിന്നീട് ഇൻറർവ്യൂ നടന്നിരുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റ്റെ മുറിയിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇടിച്ചുകയറി. തുടർന്ന് പോലീസെത്തി വനിതാ അംഗങ്ങൾ ഒഴികെയുള്ളവരെ പ്രസിഡണ്ടിന്റ്റെ മുറിയിൽ നിന്നും പുറത്താക്കി. അപ്പോഴും പ്രസിഡണ്ടിനെ മുറിയിൽ തുടർന്ന് വനിതാ അംഗങ്ങളെ വനിതാ പോലീസ് എത്തിയാണ് പുറത്താക്കിയത് . തൊണ്ണൂറ്റി അഞ്ച് ദിവസം ജോലി ചെയ്തശേഷം പ്രസവ അവധിയിൽ പോയ ജീവനക്കാരിയെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തത് തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ പറഞ്ഞു. ഏതുതരം ജോലിയായാലും പ്രസവ അവധി നിയമത്തിൻറെ പിൻബലം ഉള്ളതാണെന്ന കാര്യം പഞ്ചായത്ത് അധികൃതർ മനസ്സിലാക്കണം. നസിയയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദിവസവേദനക്കാരെ ഭരണസമിതി മാറുന്നതിനനുസരിച്ച് സാധാരണഗതിയിൽ മാറ്റാറുണ്ട്, എന്നാൽ നസിയയുടെ കാര്യം അങ്ങനെ അല്ല. ഒരു പ്രോജക്റ്റിന്റ്റെ ഭാഗമായാണ് നസിയയെ ജോലിക്ക് എടുത്തത്. അതുകൊണ്ട് തന്നെ അവരെ ഇപ്പോൾ മാറ്റി നിർത്താൻ കഴിയില്ല എന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ട് അസീം ഹുസൈൻ പറഞ്ഞു. നിയമ വിരുദ്ധമായ രീതിയിൽ മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ നസിയയെ പിരിച്ചുവിടുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കുഞ്ഞുമായി എത്തിയ നസിയയെ പോലീസ് അറസ്റ്റു ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ

പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിനു വെട്ടൂർ, മണ്ഡലം പ്രസിഡൻറ് പ്രതാപൻ, അംനാദ്, പഞ്ചായത്ത് അംഗങ്ങളായ സോമരാജൻ, ബിന്ദു, നസീല, ലൈല രഘുനാഥൻ, സുറുമി ഷൈൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ നിസാർ, മുജീബ്, മിഥുലാജ്, ഷെമീർ,ഷിഹാബ്, ഖലീഫ, മൺസൂൺ, നസീം എന്നിവർ പങ്കെടുത്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പ്രതിഷേധക്കാർക്കെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് “കെഡോ” നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടതായി വർക്കല പോലീസ് അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *