Breaking News

വര്‍ക്കല നഗരസഭയില്‍ എല്‍.ഡി.എഫ്-യുഡി.എഫ് കൂട്ടുകെട്ടിന് സാധ്യത

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ടിന് സാധ്യത. ചരിത്രത്തില്‍ ആദ്യമായി നഗരസഭയിലെ ബഹുഭൂരിപക്ഷം വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ്-12, എന്‍.ഡി.എ-11, യു.ഡി.എഫ്-7, സ്വതന്ത്രര്‍-3 എന്നിങ്ങനെയാണ് കക്ഷിനില.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം നിന്നാല്‍ എന്‍.ഡി.എയ്ക്ക് എല്‍.ഡി.എഫിനേക്കാള്‍ 2 സീറ്റിന്റെ മുന്‍തൂക്കം ലഭിക്കും. അതിനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ക്യാമ്പ് നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇനി 3 സ്വതന്ത്രന്മാരുടെയും പിന്തുണ ലഭിച്ചാല്‍ പോലും ബി.ജെ.പിക്ക് ഭരിക്കാന്‍ യു.ഡി.എഫിന്റെ നിശബ്ദ പിന്തുണ ആവശ്യമാണ്. ഇവിടെയാണ് ബി.ജെ.പിയെ സംബന്ധിച്ച് പ്രതിസന്ധിയുണ്ടാവുന്നത്.
കാരണം, ബി.ജെ.പി അധികാരത്തില്‍ വരാന്‍ സഹായിക്കുന്ന യാതൊരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്. എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കാം, പക്ഷേ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാര്യം പരിഗണനയില്‍പ്പോലുമില്ലെന്നും യു.ഡി.എഫ് നേതൃത്വം അടിവരയിട്ട് പറയുന്നു.
ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്ന സ്ഥിതിക്ക് നഗരസഭയുടെ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ ഏത് മുന്നണിക്കും തങ്ങളുടെ സഹായം ആവശ്യമാണ്. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരാനുള്ള അന്തരീക്ഷം യു.ഡി.എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടാക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കാനാണ് താല്‍പര്യം. എല്‍.ഡി.എഫ് ജനപക്ഷ ഭരണം കാഴ്ചവച്ചാല്‍ പിന്തുണയ്ക്കും. മോശം ഭരണമാണ് നടത്തുന്നതെങ്കില്‍ എതിര്‍ക്കും-യു.ഡി.എഫ് നേതൃത്വം പറഞ്ഞു.
ഭരണസമിതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി യാതൊരുവിധത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് പറഞ്ഞ യു.ഡി.എഫ് നേതൃത്വം അത്തരത്തില്‍ ഒരു കൂട്ടുകെട്ടിന് യു.ഡി.എഫിലെ ഏതെങ്കിലും ഒരു അംഗം തുനിഞ്ഞാല്‍ കര്‍ശനമായ നടപടി നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നഗരസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് വര്‍ക്കല മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട് കാരണമായോ എന്ന ചോദ്യത്തിന് യു.ഡി.എഫിന്റെ ജയത്തിലോ പരാജയത്തിലോ മുസ്‌ലിം ലീഗിന് സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു യു.ഡി.എഫ് ക്യാമ്പ് പ്രതികരിച്ചത്.
എന്നാല്‍, നാല് വാര്‍ഡുകളില്‍ മത്സരിച്ച റിബല്‍ സ്ഥാനാര്‍ത്ഥികള്‍ യു.ഡി.എഫിന് നഷ്ടമുണ്ടാക്കിയെന്ന് നേതൃത്വം സമ്മതിച്ചു. റിബല്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്നുവെങ്കില്‍ ആ നാല് സീറ്റും യു.ഡി.എഫിന് ലഭിക്കുമായിരുന്നുവെന്നും യു.ഡി.എഫ് നേതൃത്വം അവകാശപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *