Breaking News

വർക്കലയിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഷൂട്ടിംഗ് ; സീരിയൽ സംഘം കസ്റ്റഡിയിൽ.

വർക്കല: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ സീരിയൽ സംഘത്തെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലിലെ ഷൂട്ടിംഗിനെത്തിയ സംഘത്തെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അയിരൂർ ഓടയത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഷൂട്ടിംഗ് നടന്നു വന്നത്. വെള്ളിയാഴ്ച 11മണിയോടെയാണ് സീരിയൽ സംഘത്തെ കസ്റ്റഡിയിലെടുത്തത്. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ രഹസ്യ വിവരത്തെ തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, സി.ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോർട്ടിൽ പരിശോധന നടത്തിയത്. റിസോർട്ട് ഉടമ, നടന്മാരായ പദ്മനാഭൻ തമ്പി,റിജി നായർ, എന്നിവർ ഉൾപ്പെടെ 18 ഓളം പേരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രമുഖരായ രണ്ടു നടിമാരും സീരിയൽ നടനും സംഭവസ്ഥലത്തുനിന്നും മുങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. നടിമാർ ഇന്നലെ റിസോർട്ടിൽ തങ്ങിയതായും സൂചനകളുണ്ട്. ഷൂട്ടിങ്ങിന് ഉപയോഗിച്ച് ക്യാമറയും മറ്റും ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടൻ പറഞ്ഞു. പോലീസും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ നാടൊന്നാകെ കോവിഡ മഹാമാരിക്കെതിരെ പോരാടുമ്പോൾ ഇത്തരത്തിൽ സീരിയൽ ഷൂട്ടിംഗ് നടത്തിയത് ദുഃഖകരവും നിരുത്തരവാദ സമീപനവും ആണെന്നും ഇവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വിശദമാക്കി. കസ്റ്റഡിയിൽ ആയവർക്കെതിരെ കേരള എപിഡെമിക് ഡിസീസ് ഓർഡിനെൻസ് (KEDO) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിട്ടയച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *