Breaking News

വര്‍ക്കലയില്‍ ക്രിമിനല്‍ സംഘം നാടന്‍ ബോംബുകളുമായി അറസ്റ്റില്‍

വര്‍ക്കല: വര്‍ക്കലയില്‍ നാലംഗ ക്രിമിനല്‍ സംഘം നാടന്‍ ബോംബുകളുമായി അറസ്റ്റില്‍. അയിരൂര്‍, അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനുകളിലായാണ് ഈ നാലംഗസംഘം അറസ്റ്റിലായത്. കഴക്കൂട്ടം ആറ്റിപ്ര പനച്ചമൂട് വീട്ടില്‍ അജയകുമാറിന്റെ മകന്‍ അഖിലി(20)നെ അയിരൂര്‍ പോലീസും, കടകംപള്ളി വെട്ടുകാട് ഡൂണി ഹോമില്‍ സ്റ്റാന്‍ലി തോമസിന്റെ മകന്‍ റൂബന്‍ സ്റ്റാന്‍ലി(19), സഹോദരന്‍ ടെര്‍ബിന്‍ സ്റ്റാന്‍ലി(18), വെട്ടുകാട് ടി.സി 32/684 പുതുവല്‍ പുത്തന്‍വീട്ടില്‍ മഹേശന്റെ മകന്‍ അരുണ്‍(20) എന്നിവരെ അഞ്ചുതെങ്ങ് പോലീസുമാണ് അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പൊതുജനങ്ങളെ ആക്രമിച്ച പിടിച്ചുപറി നടത്തുന്നതാണ് ഇവരുടെ രീതി.
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ നടന്ന ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അഖില്‍ അയിരൂര്‍ പോലീസിന്റെ പിടിയിലായത്. അയിരൂര്‍ ആശാന്‍ മുക്കില്‍നിന്നും നൈഫ് എന്ന യുവാവിന്റെ വീടിന് മുന്നില്‍വച്ച് ബൈക്കില്‍ എത്തിയ മൂന്നംഗസംഘം നൈഫിനെ ആക്രമിച്ച് ബൈക്ക് പിടിച്ചെടുത്ത് കടന്നു. ഈ മൂന്നംഗ സംഘത്തില്‍പെട്ട അഖിലിനെ അയിരൂര്‍ പോലീസ് പിടികൂടി. ഇയാളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൂടെ ഉണ്ടായിരുന്നവര് തുമ്പ സ്വദേശികളാണെന്ന് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുതെങ്ങ് സ്റ്റേഷന്‍ പരിധിയില്‍വച്ച് കൂട്ടുപ്രതികള്‍ അറസ്റ്റിലായത്. അഞ്ചുതെങ്ങ് ഒന്നാംപാലത്തില്‍ വാഹനങ്ങള്‍ പരിശേധിക്കവെ 3 യുവാക്കളെ സംശയംതോന്നി വിശദമായി പരിശോധിച്ചപ്പോള്‍ ഇവരില്‍നിന്നും പത്തോളം നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ഈ സംഭവത്തില്‍ അഞ്ചുതെങ്ങ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാലംഗ സംഘത്തിലെ അഖില്‍ നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാണെന്ന് വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്‍ പറഞ്ഞു. പാറമടകളില്‍നിന്നാണ് ഇയാള്‍ ബോംബ് നിര്‍മ്മാണത്തിനാവശ്യമായ വെടിമരുന്നും മറ്റും ശേഖരിക്കുന്നത്. ഇവരുടെ പേരില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഡി.വൈ.എസ്.പി കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *