

വാമനപുരം: നിര്‍ധന കുടുംബത്തിന് കൈത്താങ്ങായി വാമനപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥര്‍. പെരിങ്ങമ്മല വില്ലേജില്‍, ഇലവുപാലം, ഗേറ്റ്മുക്ക് ബ്ലോക്ക് നമ്പര്‍ 60-ല്‍, മാധവന്‍ മകന്‍ ബിജുവിനും കുടുംബത്തിനുമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഹായ ഹസ്തം നീട്ടിയത്. വാമനപുരം റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ബിജുവിന്റെ പേരിലുള്ള വാറണ്ടുമായി ബന്ധപ്പെട്ടാണ് എക്‌സൈസ് സംഘം ബിജുവിന്റെ വീട്ടില്‍ എത്തിയത്. അപ്പോഴാണ് ബിജുവിന്റെയും കടുംബത്തിന്റെയും ദയനീയാവസ്ഥ എക്‌സൈസ് സംഘത്തിന് മനസിലായത്.

അഞ്ചുവര്‍ഷത്തോളമായി ബിജു ഓര്‍മ്മ ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട് കിടപ്പിലാണ്. ലോറിയില്‍ തടി കയറ്റുന്നതിനിടയില്‍ ലോറിയില്‍ നിന്നും താഴെ വീണ് ബിജുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പരസഹായത്തോടെ മാത്രം നടക്കാന്‍ കഴിയുന്ന അവസ്ഥയില്‍ ചികിത്സയിലാണ് ബിജു. ബിജുവിന്റെ കുടുംബത്തില്‍ ഭാര്യയും രണ്ട് മക്കളുമാണുള്ളത്. ഭാര്യയും അസുഖ ബാധിതയായി ബുദ്ധിമുട്ടുള്ളയാണ്. മകളും സുഖമില്ലാതെ പഠിത്തം ഉപേക്ഷിച്ചു നില്‍ക്കുകയാണെന്നും മകന്‍ പ്ലസ് വണ്ണിന് പഠിക്കുകയാണെന്നും ബിജുവിന്റെയും കുടുംബത്തിന്റെയും അവസ്ഥ അതിദയനീയമാണെന്നും മനസിലാക്കിയ വാറണ്ട് നടത്താന്‍ പോയ പ്രിവന്റിവ് ഓഫീസര്‍ ബിജുലാലും പാര്‍ട്ടിയും വിവരം ഓഫീസില്‍ അറിയിച്ചു.

തുടര്‍ന്ന്, വാമനപുരം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ വാമനപുരം റെയിഞ്ച് ഓഫീസിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് ബിജുവിന്റെ ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാധങ്ങളും പച്ചക്കറിയും എത്തിച്ചതോടൊപ്പം, ധനസഹായവും അവരുടെ മകന് നോട്ട് ബുക്കുകളും എത്തിച്ചുകൊടുക്കുകയായിരുന്നു. കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ അഭ്യര്‍ത്ഥനപ്രകാരം പാലോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷന്‍ ധനസഹായവും, വാര്‍ഡ് മെമ്പര്‍ ഗീത പ്രജി വസ്ത്രങ്ങളും, മറ്റും എത്തിച്ചു നല്‍കി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്‍കാമെന്ന് വാര്‍ഡ് മെമ്പറും ഇലവുപാലത്തുള്ള പൗരസമിതിക്കാരും അറിയിച്ചിട്ടുണ്ട്.
