

വര്‍ക്കല: ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. ഇന്ന് രാവിലെ 10 മണിക്ക് വര്‍ക്കല ശിവഗിരി ആഡിറ്റോറിയത്തില്‍ തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സനാതന മതം എന്നത് ജാതിയും അയിത്തവും മാത്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. തിയ്യ സമുദായം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് മഹാകവി കുമാരനാശാന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വി.മുരളീധരന്‍ പറഞ്ഞു. മുഹമ്മദ് നബിയുടെയും യേശുക്രിസ്തുവിന്റെയും ശ്രീബുദ്ധന്റെയും ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കിയത്. ഹിന്ദുക്കള്‍ക്ക് അഭിമാനമായി വല്ലതും അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ പ്രാചീനവും പരിശുദ്ധവുമായ മതം മാത്രമാണെന്ന് കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, പ്രാചീനവും പരിശുദ്ധവുമായ സനാതന ധര്‍മ്മത്തെ അവഹേളിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും സനാതന ധര്‍മ്മം എന്നാല്‍ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കലാണെന്ന വ്യാജ പ്രചരണവും അക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു-അദ്ദേഹം വിമര്‍ശിച്ചു.

പിണറായി സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരള സദസ്സിനിടയിലുണ്ടായ അക്രമ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. മനുഷ്യന്‍ മനുഷ്യന്റെ തല ചെടിച്ചട്ടികൊണ്ട് തല്ലിപ്പൊളിക്കുകയും അത്തരം അക്രമപ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് ന്യായീകരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വേദോപനിഷത്തുകള്‍ പഠിപ്പിച്ച മാനവികതയുടെ പാഠം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സഹജീവികളുടെ തല തല്ലിപ്പൊളിക്കുകയും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു.

കാവി എന്നത് മഹത്തായ നിറമാണ്. എല്ലാ വിശ്വാസങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് സനാതന ധര്‍മ്മ വിശ്വാസികള്‍. വസുധൈവ കുടുംബകം എന്ന ദര്‍ശനം ലോകത്തിന് നല്‍കിയത് സനാതന ധര്‍മ്മമാണ്. ഇങ്ങനെ സനാതന ധര്‍മ്മത്തിന്റെ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ ഗുരുദേവന്‍ തന്റെ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസര്‍ എം.കെ.സാനു രചിച്ച ശ്രീനാരായണഗുരു എന്ന ജീവചരിത്രം എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായ ശ്രീനാരായണ ഗുരു-ലൈഫ് ആന്‍ഡ് ടൈം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മവും വി.മുരളീധരന്‍ നിര്‍വഹിച്ചു.
