
പള്ളിക്കൽ:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പോലീസ് പിടികിട്ടാപ്പുള്ളി യായി പ്രഖ്യാപിക്കുകയും ചെയ്ത ഇരുപത്തിനാലുകാരൻ അറസ്റ്റിൽ. പാരിപ്പള്ളി, കടമ്പാട്ടുകോണം, കിഴക്കനേല മിഥുൻ ഭവനത്തില്‍ അച്ചു എന്ന് വിളിക്കുന്ന മിഥുനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 30 ന് രാത്രി ഏഴ് മണിയോടെ ഏഴു വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. പള്ളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടുമാസമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥ് ഐപിഎസ്സിന്റെ പ്രത്യേക നിർദ്ദേശപ്രകാരം വർക്കല ഡി.വൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ പള്ളിക്കൽ എസ് എച്ച് ഒ. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർമാരായ സഹിൽ, ബാബു, പോലീസ് ഉദ്യോഗസ്ഥരായ രാജീവ് ,അജീഷ് ,അജിത്ത് ഷമീർ,സഞ്ജിത്ത് ,വിജീഷ്, ബിജുമോൻ,സിയാസ് എന്നിവരുൾപ്പെട്ട സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾ കൊല്ലം ജില്ലയിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ട ആളും തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ നിരവധി പോലീസ് സ്റ്റേഷനുകളിൽ മാല മോഷണം,പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതും, തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അന്വേഷണത്തില്‍ തമിഴ്‌നാട്ടിൽ മാല പിടിച്ചുപറിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന ആളുമാണ്. കൊല്ലം ജില്ലാ പോലീസ് പ്രതിയെ കരുതൽ തടങ്കലിൽ വെക്കുവാനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു.
ഇയാൾ ഉൾപ്പെട്ടിട്ടുള്ള മറ്റ് കേസുകളെക്കുറിച്ചും വിശദമായി പോലീസ് അന്വേഷിച്ചു വരികയാണ്.