Breaking News

യു. വിക്രമൻ ഓർമയായിട്ട് മൂന്ന് വർഷം; അനുസ്മരണം സെപ്റ്റംബർ 21ന്

തിരുവനന്തപുരം: കേരള ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.) സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന യു. വിക്രമൻ സാറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണയോഗം സെപ്റ്റംബർ 21ന് നടക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ രാവിലെ 10.30നാണ് പരിപാടി.

തലസ്ഥാനത്തെ തലമുതിർന്ന പത്രപ്രവർത്തകനായിരുന്ന യു. വിക്രമൻ, കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ സി. ഉണ്ണിരാജയുടെ മകനും സി.പി.ഐ. നേതാവുമായിരുന്നു. ജനയുഗം റിപ്പോർട്ടർ, കോ-ഓർഡിനേറ്റിങ് എഡിറ്റർ, നവയുഗം പത്രാധിപസമിതി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.

കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സീനിയർ ജേണലിസ്റ്റ് യൂണിയൻ ഭാരവാഹി, ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള ജേണലിസ്റ്റ് യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന അദ്ദേഹം പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ, യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ ജില്ലാ ഭാരവാഹിയായും പ്രവർത്തിച്ചു.

മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു യു. വിക്രമനെന്ന് സംഘാടകർ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് അനുസ്മരണയോഗം സംഘടിപ്പിക്കുന്നത്.

മാധ്യമപ്രവർത്തകർ ഉൾപ്പെടെ എല്ലാവരും അനുസ്മരണ യോഗത്തിൽ പങ്കെടുക്കണമെന്ന് കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രജിതയും സെക്രട്ടറി വിജയദാസും അഭ്യർഥിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *