

തിരുവനന്തപുരം: തന്റെ ഉത്തരവാദിത്തം നിറവേറ്റിയെന്നും ഇനിയെല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും തീരുമാനിക്കുമെന്നും പി.വി.അന്‍വര്‍ എം.എല്‍.എ. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.വി.അന്‍വര്‍. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നല്‍കിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുക എന്നതാണ് ഇനിയെന്നും അന്‍വര്‍ പറഞ്ഞു. കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അന്‍വര്‍ പറഞ്ഞു.




പൊലീസിലെ ഒരു വിഭാഗം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്. പുഴുക്കുത്തുകള്‍ തുറന്നു കാണിച്ചു. എ.ഡി.ജി.പിയെ മറ്റുമെന്നാണ് പ്രതീക്ഷ. സഖാവെന്ന ദൗത്യം നിറവേറ്റി. ജോലി തീര്‍ന്നു. ഇനി നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പരാതി എഴുതി നല്‍കി. തെളിവുകള്‍ ഒന്നും കൈമാറിയില്ലെന്നും അന്‍വര്‍ പറഞ്ഞു. ഡി.ജി.പിയെ മാറ്റി നിര്‍ത്തലൊന്നും അജണ്ടയിലില്ലെന്നും ഇനി എല്ലാം മുഖ്യമന്ത്രിയും സര്‍ക്കാരും നോക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം, പി.ശശിക്ക് എതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നോ എന്ന് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു മറുപടി. ലാല്‍ സലാം എന്ന് ആവര്‍ത്തിച്ച് പറഞ്ഞാണ് അന്‍വര്‍ ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് പോയത്.



