

ഇടുക്കി: ഇടുക്കി മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവം മനഃപൂര്‍വ്വമായ നരഹത്യയെന്ന് പോലീസ് നിഗമനം. മാവടി സ്വദേശി പ്ലാക്കല്‍ സണ്ണി വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസിന്റെ നിഗമനം ഞെട്ടിപ്പിക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്പില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സണ്ണി വെടിയേറ്റ് മരിച്ച സംഭവനം മനപൂര്‍വമായ നരഹത്യയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.

പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്പ് ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച എക്‌സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത്. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. പിടിയിലായ സജിയാണ് വെടിവച്ചത്. ബുധനാഴ്ച രാത്രി 11.30യോടെയായിരുന്നു സംഭവം. സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പൊലീസ് സംശയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സജി, ബിനു, വിനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിന് നേരെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ ഗൃഹനാഥന് മേല്‍ പതിക്കുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്.
