Breaking News

എല്‍-ത്രി പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തണം; പുനരധിവാസം സമഗ്രമാക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് ദുരന്തം എല്‍-ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും എല്‍-ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തി അതിന് അനുസൃതമായി രീതിയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. അന്താരാഷ്ട്ര കാഴ്ചപ്പാടനുസരിച്ച് വയനാട് ദുരന്തത്തെ എല്‍-ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞ കാര്യങ്ങളില്‍ ചില വസ്തുതകള്‍ ഉണ്ടെന്ന് പറഞ്ഞ വി.ഡി.സതീശന്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയ്ക്കുള്ള സഹായം വേണമെന്ന് ആവശ്യപ്പെട്ടു.

വയനാട്ടില്‍ നടത്തുന്ന പുനരധിവാസം സാധാരണപോലെയാകരുത്. ഓരോ വ്യക്തിയേയും കുടുംബത്തെയും പ്രത്യേകം പ്രത്യേകമായി പരിഗണിച്ചുവേണം പുനരധിവാസം നടപ്പിലാക്കേണ്ടത്. സമഗ്രമായ ഫാമിലി പാക്കേജ് എന്ന നിലയിലുള്ള പുനരധിവാസമാണ് വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വേണ്ടത്. കുടുംബങ്ങള്‍ക്ക് വാടക വീട് സാധ്യമാക്കുകയും പുതിയ വീട്ടിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും വേണം. തൊഴില്‍ ഉറപ്പാക്കണം. സ്വയം തൊഴിലുകള്‍ കണ്ടെത്താനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനത്തുടനീളം നടപ്പാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുള്ള നയ രൂപീകരണം നടക്കണമെന്നും ഇതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *