Breaking News

കുട്ടികൾക്ക് സന്തോഷവും ആത്മവിശ്വാസവും നൽകുന്ന പഠനാന്തരീക്ഷം ലക്ഷ്യം: വി. ശിവൻകുട്ടി

ആറ്റിങ്ങൽ: സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത് കേവലം കെട്ടിടനിർമാണത്തിനായല്ല, കുട്ടികളുടെ സന്തോഷവും ആത്മവിശ്വാസവും വളർത്തുന്ന പഠനാന്തരീക്ഷം സൃഷ്ടിക്കാനാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ പദ്ധതിയുടെയും പൈതൃക കെട്ടിടത്തിന്റെ നവീകരണത്തിന്റെയും നിർമ്മാണോദ്ഘാടനവും ആലംകോട് ഗവ. എൽ.പി. സ്കൂളിലെ പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് ‘വർണ്ണക്കൂടാരം’. കളിക്കോപ്പുകൾ, ചിത്രപുസ്തകങ്ങൾ, ചെടികൾ, പൂക്കൾ എന്നിവയോടെ കുട്ടികളെ വരവേൽക്കുന്ന ആറ്റിങ്ങൽ ഡയറ്റ് സ്കൂൾ ആധുനിക പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉത്തമ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ പ്രതീക്ഷകളായ കുരുന്നുകൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാലയങ്ങളെ ലോക നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. 116 വർഷത്തെ പാരമ്പര്യമുള്ള ആലംകോട് ഗവ. എൽ.പി. സ്കൂളിന്റെ തനിമ സംരക്ഷിച്ചുകൊണ്ട് ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഭൗതിക മാറ്റം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും പ്രതിഫലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡയറ്റ് സ്കൂളിൽ ‘വർണ്ണക്കൂടാരം’ ഒരുക്കിയത്. പൈതൃക കെട്ടിടത്തിന്റെ നവീകരണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചു.

ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം. പ്രദീപ്, ഡയറ്റ് സ്കൂൾ പ്രിൻസിപ്പൽ ഗീതാ നായർ, ആലംകോട് ഗവ. എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് റീജാ സത്യൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *