Breaking News

ശിവഗിരിയില്‍ ആഗോള പ്രവാസി സംഗമത്തിന് തുടക്കമാകും

വര്‍ക്കല: വര്‍ക്കല ശിവഗിരിയില്‍ ആഗോള പ്രവാസി സംഗമത്തിന് നാളെ തുടക്കമാകും. രാജ്യത്തിനകത്തുനിന്നും വിദേശങ്ങളില്‍നിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികള്‍ പ്രവാസി സംഗമത്തില്‍ പങ്കെടുക്കും. ആഗോളതലത്തിലുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ഗുരുദേവ ഭക്തരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടാണ് ശിവഗിരി മഠത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആഗോള പ്രവാസി സംഗമം സംഘടിപ്പിക്കുന്നതെന്ന് ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി സംഗമത്തിന്റെ ഭാഗമായി നാളെ പുലര്‍ച്ചെ മഹാസമാധിയിലെ പൂജകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം 9ന് സത്സംഗം ഉണ്ടായിരിക്കും.

10 മണിക്ക് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായി ബഹറിന്‍ സര്‍ക്കാരിന്റെ സാമ്പത്തികകാര്യ വികസന ബോര്‍ഡ് നിയമ ഉപദേഷ്ടാവ് അമീന്‍ അല്‍-അല്‍വാനി പങ്കെടുക്കും. ഗുരുദേവ ദര്‍ശനത്തിന്റെ സാഫല്യത പ്രവാസി സംഗമത്തിലൂടെ എന്ന വിഷയത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് അംഗം സൂക്ഷ്മാനന്ദ സ്വാമി പ്രഭാഷണം നടത്തും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി സ്വാഗതം പറയുന്ന ചടങ്ങില്‍ ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ്, വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.

സച്ചിദാനന്ദ സ്വാമി രചിച്ച ദ ലെഗസി ഓഫ് ശ്രീനാരായണ ഗുരുദേവ്, സൂക്ഷ്മാനന്ദ സ്വാമി രചിച്ച മൈന്‍ഡ് ദ ഗ്യാപ് എന്നീ കൃതികളുടെ പ്രകാശന കര്‍മ്മം കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി നിര്‍വഹിക്കും. 2 മണിക്ക് ശ്രീനാരായണ സിമ്പോസിയം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികള്‍ ചടങ്ങില്‍ സ്വാഗതം പറയുന്ന ചടങ്ങില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. ശ്രീനാരായണ ഗുരുകുലത്തിലെ സ്വാമി ത്യാഗീശ്വരന്‍, അരുവിപ്പുറം ക്ഷേത്രത്തിന്റെയും മഠത്തിന്റെയും സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും.

തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സിലര്‍ ഡോ.വി.പി.ജഗതിരാജ്, സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.ജയപ്രകാശ്, ചെമ്പഴന്തി ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ.എസ്.ശിശുപാലന്‍, ഗുരുധര്‍മ്മ പ്രചരണസഭ രജിസ്ട്രാര്‍ കെ.ടി.സുകുമാരന്‍, കമാല്‍.എം മാക്കിയില്‍ പുന്നപ്ര എന്നിവര്‍ പങ്കെടുക്കും. സച്ചിദാനന്ദ സ്വാമി രചിച്ച് സുനിത് മോഹന്‍ ജാപ്പനീസ് ഭാഷയില്‍ മൊഴിമാറ്റം നിര്‍വഹിച്ച വിശ്വഗുരു എന്ന പുസ്തകം പ്രകാശനം ചെയ്യും. സുനിത് മോഹന്റെ മാതാവ് നളിനി മോഹനെ ചടങ്ങില്‍ ആദരിക്കും. ഡോ.സുരേഷ് കുമാര്‍ മധുസൂദനന്‍ കൃതജ്ഞത പറയും.

രാത്രി 7ന് ഗ്ലോബല്‍ പ്രവാസി റൗണ്ട് ടേബിള്‍ മീറ്റ് നടക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമി മീറ്റില്‍ സ്വാഗതം പറയും. മീറ്റ് സംഘാടക സമിതി ചെയര്‍മാന്‍ കെ.ജി.ബാബുരാജന്‍ മോഡറേറ്ററാകും. പ്രവാസി സംഗമം ഉദ്ദേശ ലക്ഷ്യങ്ങള്‍ സച്ചിദാനന്ദ സ്വാമിയും മാസ്റ്റര്‍ പ്ലാന്‍ ശുഭാംഗാനന്ദ സ്വാമിയും അവതരിപ്പിക്കും. 17ന് രാവിലെ മഹാസമാധിയിലെ വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം ആലുവാ സര്‍വ്വമത സമ്മേളനം ശതാബ്ദി സമ്മേളനം സംസ്ഥാന സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആലുവാ അദ്വൈതാശ്രമം സെക്രട്ടറി ധര്‍മ്മ ചൈതന്യ സ്വാമി സ്വാഗതം പറയും. ധര്‍മ്മസംഘം മുന്‍ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി വിശിഷ്ടാതിഥിയാകും. വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് നിരവധി പണ്ഡിതര്‍ സംസാരിക്കും.

1969ല്‍ ശാസ്താംകോട്ടയില്‍ നടന്ന സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്ത ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍, കൊച്ചി ആലുവ സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ സംബന്ധിച്ച വി.ഡി.രാജനെയും സമ്മേളനത്തില്‍ ആദരിക്കും. ധര്‍മ്മസംഘം ബോര്‍ഡ് അംഗം ബോധിതീര്‍ത്ഥ സ്വാമി കൃതജ്ഞത രേഖപ്പെടുത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗുരുധര്‍മ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി കൃതജ്ഞത രേഖപ്പെടുത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *