Breaking News

ഫോൺ വിളിയിൽ സംശയം: ടൈൽ കൊണ്ടടിച്ച് ഭർത്താവിനെ കൊലപ്പെടുത്തി

പാലോട്∙  ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു കാരണമായത് ഫോൺ വിളിയെ ചൊല്ലി ഭാര്യയ്ക്കുണ്ടായ സംശയമെന്ന് പൊലീസ്. നന്ദിയോട് കുറുപുഴ കരിക്കകം എൽപി സ്കൂളിനു സമീപം ആദിത്യൻ ഭവനിൽ ഷിജു(37) വാണ്  മരിച്ചത്. ഭാര്യ സൗമ്യ(33)യെ  അറസ്റ്റ് ചെയ്തു.  പത്തുദിവസം മുമ്പാണ് ഷിജു വിദേശത്തു നിന്നെത്തിയത്.ശിവരാത്രി ദിനത്തിൽ രാത്രി 11 മണിയോടെയാണു സംഭവം. ഷിജുവിന്റെ നിരന്തരമായ ഫോൺ വിളി സംബന്ധിച്ചു സംശയം ജനിച്ച സൗമ്യ അതിന്റെ പേരിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ സൗമ്യ ഭർത്താവിന്റെ ഫോൺ ഒളിപ്പിച്ചു വച്ചു. വൈകിട്ട് മകനെ സമീപത്തെ ക്ഷേത്രത്തിൽ ഉരുൾ നേർച്ചയ്ക്കു കൊണ്ടു പോയപ്പോൾ ഫോണും കൊണ്ടു പോയി. ഷിജു ക്ഷേത്രത്തിലെത്തി സൗമ്യയോട് ഫോൺ ചോദിച്ചെങ്കിലും കിട്ടാഞ്ഞതിനെത്തുടർന്ന്  ഫോൺ ബലമായി പിടിച്ചു വാങ്ങി വീട്ടിലേക്കു മടങ്ങി. പിന്നാലെ പത്തു മിനിറ്റിനുള്ളിൽ സൗമ്യയും വീട്ടിലെത്തി.

അടുക്കളഭാഗത്ത്  ഷിജു ഫോൺ ചെയ്യുന്നതു കണ്ട സൗമ്യ ആരെയാണു വിളിച്ചതെന്നു ചോദിച്ചു . മറുപടി ലഭിക്കാഞ്ഞതിനെത്തുടർന്നു ഇരുവരും തമ്മിൽ വഴക്കായി. പ്രകോപിതയായ സൗമ്യ തറയിൽ വിരിക്കുന്ന ടൈലുമായി  പിന്നിൽ വന്ന് ഷിജുവിനെ തലയ്ക്കടിച്ചു വീഴ്ത്തി. നിലത്തു വീണ ഷിജുവിന്റെ തലയിൽ സമീപത്തു കിടന്ന ഹോളോ ബ്രിക്സ് ഉപയോഗിച്ചു പലതവണ ഇടിച്ചു തല ചിതറിച്ചു. പിന്നീട്  ഉത്സവം നടക്കുന്ന ക്ഷേത്ര പറമ്പിലെത്തി സൗമ്യ തന്നെയാണു വിവരം നാട്ടുകാരെ അറിയിച്ചത്. . നെടുമങ്ങാട് ഡിവൈഎസ്പി എം.കെ. സുൽഫിക്കർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റുമോർട്ടത്തിനയച്ചു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്ക്ഷേത്രപ്പറമ്പിലെത്തി  കൊലപാതകവിവരം വിളിച്ചുപറഞ്ഞ് സൗമ്യ

ഷിജുവും ഭാര്യ സൗമ്യയും മക്കളും ആരോടും വലിയ അടുപ്പം കാണിക്കാറില്ലായിരുന്നുവെന്ന് നാട്ടുകാർ. ഫോൺ വിളിയെച്ചൊല്ലി പലതവണ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷംസൗമ്യ ക്ഷേത്ര പറമ്പിലെത്തി താൻ ഭർത്താവിനെ കൊന്നതായും തല അറുത്തു മാറ്റി കുഴിച്ചിട്ടതായും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. ആദ്യം ആരും വിശ്വസിച്ചില്ല. എന്നാൽ ശരീരത്തിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്നു സംശയം തോന്നി ചെന്നു നോക്കുമ്പോഴാണ് തല ചിതറി കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഷിജുവിന്റെ മൃതദേഹത്തിനു സമീപത്തെ കല്ലുകളിൽ രക്തം പുരണ്ടിരുന്നു.  സൗമ്യയ്ക്ക് മാനസിക തകരാർ ഉണ്ടോയെന്നതു പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഷിജുവിന്റെ മൃതദേഹം ഇന്നലെ  സംസ്കരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *