Breaking News

വിനോദ സഞ്ചാരികളെ മർദ്ദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച ശേഷം വിവസ്ത്രരാക്കി. പ്രതികൾ അറസ്റ്റിൽ

വർക്കല: വിനോദത്തിനായി കപ്പിൽ ബീച്ചിൽ എത്തിയ യുവാക്കളെ മർദ്ദിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ച ശേഷം വിവസ്ത്ര രാക്കി. അക്രമികളായ മൂവർസംഘം പോലീസ് പിടിയിലായി. ഇടവ വെൺകുളം സ്വദേശിയായ ജാസിം മൻസിലിൽ ജാഷ് മോൻ(32), വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു(31), മണമ്പൂർ തൊട്ടിക്കല്ല് സ്വദേശിയും ഇപ്പോൾ വെൺകുളം കാട്ടുവിള രാജധാനി വീട്ടിൽ താമസിക്കുന്നതുമായ നന്ദുരാജ്(29) എന്നിവരെ യാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 11 ന് ഉച്ചയ്ക്ക് ഒന്നരയോടെ വിനോദത്തിനായി കാപ്പിൽ ബീച്ചിൽ എത്തിയ വർക്കല ചെമ്മരുതി സ്വദേശികളായ ബിജോയി(19), നന്ദുവു(18)മാണ് അക്രമി സംഘത്തിന്റെ ആക്രമണത്തിനിരയായത്. ബീച്ചിലെത്തിയ യുവാക്കളെ വഴിയിൽ തടഞ്ഞ് മൂന്നംഗ സംഘം മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച് കഴുത്തിന് ചേർത്ത് പിടിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർച്ച നടത്തുകയും ചെയ്തു. തുടർന്നും യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയും നിർബന്ധപൂർവ്വം വസ്ത്രങ്ങൾ അഴിച്ചു വാങ്ങി സമീപത്തുള്ള കായലിൽ വലിച്ചെറിയുകയും ചെയ്തു. യുവാക്കളെ വിവസ്ത്രരാക്കിയ ശേഷം അക്രമി സംഘം കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കൾ ആശുപത്രി യിൽ ചികിത്സ തേടി.

യുവാക്കളിൽ നിന്ന് 45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 7500 രൂപ വില വരുന്ന ഹെൽമറ്റ്, 3000 രൂപ വിലവരുന്ന ഷൂസ് , 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പേഴ്സ് എന്നിവയാണ് അക്രമികൾ ഭീഷണിപ്പെടുത്തി കൈയ്ക്കലാക്കിയത്. യുവാക്കളുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധന നടത്തുകയും , റോഡിൻറെ വിവിധ പ്രദേശങ്ങളിലുള്ള മറ്റ് ക്യാമറകളും പരിശോധിച്ച് പോലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു. അയിരൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *