Breaking News

സുപ്രീംകോടതിയുടെ ഉത്തരവില്‍ തൃപ്തിയില്ല; സമരം തുടരുമെന്ന് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ ഉത്തരവില്‍ തൃപ്തിയില്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാന്‍ നാല് അംഗങ്ങളുള്ള പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തു. എന്നാല്‍, ഈ നടപടിയില്‍ തൃപ്തരല്ലെന്നാണ് സമര സമിതി നേതാക്കള്‍ പറയുന്നത്.
സുപ്രീം കോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്പില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതിയുടെ തീരുമാനമുണ്ടായ സഹചര്യത്തില്‍ അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ യോഗം ചേരും.
സിംഗുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ തലസ്ഥാനത്ത് സമരം തുടരുമെന്നും സമരസ്ഥലത്തുനിന്ന് തിരികെ പോകില്ലെന്നും സമരക്കാര്‍ വ്യക്തമാക്കി. വേനല്‍ കാലത്തും സമരം തുടരുന്നതിനായി സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും അവര്‍ പറഞ്ഞു.
തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *