Breaking News

അനധികൃത ബോർഡുകൾക്കെതിരെ കടുത്ത നടപടി; ഓരോന്നിനും 5,000 രൂപ പിഴ, ഉത്തരവാദികൾക്കെതിരെ പോലീസ് കേസും എഫ്.ഐ.ആറും

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യുന്നതിനും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2026 സെപ്റ്റംബർ 9-ന് തദ്ദേശ സ്വയംഭരണ (ആർ.സി) വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ.

പൊതുഇടങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെൻട്രൽ മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, സ്വകാര്യ ഏജൻസികൾ, സർക്കാർ-സർക്കാർ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പേരിലോ നേതൃത്വത്തിലോ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ, മറ്റ് പ്രചാരണ-പരസ്യ സാമഗ്രികൾ എന്നിവ സ്ഥാപിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

നീക്കം ചെയ്യുന്ന ഓരോ അനധികൃത ബോർഡ്, ബാനർ, കൊടിതോരണം തുടങ്ങിയവയ്ക്കും 5,000 രൂപ വീതം പിഴ ചുമത്തണം. ഇവ നീക്കം ചെയ്യുന്നതിനും ഹോൾഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള ചെലവും ഉത്തരവാദികളിൽ നിന്ന് ഈടാക്കണം. കൂടാതെ നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കണം.

സെക്രട്ടറിമാർക്ക് വ്യക്തിപരമായ ബാധ്യത

അനധികൃത ബോർഡുകൾ നീക്കം ചെയ്യുകയും പിഴ ചുമത്തി ഈടാക്കുകയും ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായിരിക്കുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു. നീക്കം ചെയ്ത ബോർഡുകളുടെ എണ്ണത്തിന് ആനുപാതികമായി പിഴ ഈടാക്കുന്നതിൽ വീഴ്ച വരുത്തുകയോ പിഴയിനത്തിൽ പൂജ്യമോ തുച്ഛമായ തുകയോ രേഖപ്പെടുത്തുകയോ ചെയ്താൽ ഈടാക്കാത്ത മുഴുവൻ തുകയും സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമാക്കി അവരിൽ നിന്ന് ഈടാക്കും.

അനധികൃത ബോർഡുകൾക്കെതിരെ പോലീസ് കേമ്പും ,എഫ്.ഐ.ആറും

ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനാവശ്യമായ പോലീസ് സംരക്ഷണം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടിയന്തരമായി നൽകണം. രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കം ചെയ്യുമ്പോൾ ഉത്തരവാദികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ പോലീസ് നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവികൾ നിർദേശം നൽകണമെന്നും സർക്കുലറിൽ പറയുന്നു.

നീക്കം ചെയ്ത ബോർഡുകളുടെയും ബാനറുകളുടെയും കൊടികളുടെയും എണ്ണം, ചുമത്തിയ പിഴ, ഈടാക്കിയ തുക, കുടിശ്ശിക ഈടാക്കാൻ സ്വീകരിച്ച റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ, രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ കൃത്യമായി ശേഖരിച്ച് ബന്ധപ്പെട്ട ജോയിന്റ് ഡയറക്ടർ മുഖേന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് സമർപ്പിക്കണം.

നീക്കം ചെയ്യുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഹരിതകർമസേന വഴിയോ അംഗീകൃത ഏജൻസികൾ വഴിയോ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിർദേശമുണ്ട്. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പുവരുത്തണ മെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിലും പിഴ ഈടാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങൾ കാണിക്കുന്ന വീഴ്ച സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതിന് കാരണമാകുന്നതായി ഹൈക്കോടതി വിലയിരുത്തിയിരുന്നു. 2026 ഓഗസ്റ്റ് 14-ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഏകീകൃത മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *