

ബംഗളുരു: ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേര് മാറ്റി ജറൂലസലേം എന്നാക്കി ബസ് ഉടമ. ബംഗളുരുവിലാണ് സംഭവം. തന്റെ സ്ഥാപനത്തിന് ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദമാണ് പേരിനെ ചൊല്ലി ഉയര്‍ന്നത്. ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരിട്ടതിന് ബസ് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. ഒടുവില്‍ വിവാദത്തില്‍നിന്ന് രക്ഷപെടാനായി സ്ഥാപനത്തിന്റെ ഉടമ ലെസ്റ്റര്‍ കട്ടീല്‍ പേര് മാറ്റുകയായിരുന്നു. മൂഡ്ബിദ്രി, കിന്നിഗോളി, കടീല്‍ മുല്‍ക്കി റൂട്ടിലാണ് ഇസ്രായേല്‍ ട്രാവല്‍സ് സര്‍വീസ് നടത്തിയിരുന്നത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്കും ആക്കം കൂടിയിരുന്നു.




അതേസമയം, പേര് മാറ്റാന്‍ പോലീസിന്റെ ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും ഇസ്രായേല്‍ ട്രാവല്‍സ് എന്ന പേരില്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ബസ് ഉടമ ലെസ്റ്റര്‍ കട്ടീല്‍ പറഞ്ഞു. 12 വര്‍ഷം ഇസ്രായേലില്‍ ജീവിച്ചു. ഇസ്രായേലാണ് തനിക്ക് നല്ലൊരു ജീവിതം നല്‍കിയത്. പുണ്യഭൂമിയായ ജറുസലേം സ്ഥിതി ചെയ്യുന്ന രാജ്യമാണത്. ഞാന്‍ ഇസ്രായേലിലെ ജീവിത രീതി ഇഷ്ടപ്പെടുന്നു അതിനാലാണ് ഇസ്രായേല്‍ ട്രാവല്‍സ് എന്ന് പേരിട്ടത്-അദ്ദേഹം വിശദീകരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കുനേരെ നടന്ന വിവാദ പരാമര്‍ശങ്ങളില്‍ വേദനയുണ്ടെന്നും ലെസ്റ്റര്‍ കട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ജറുസലേം എന്നാണ് ബസിന് നല്‍കിയിരിക്കുന്ന പുതിയ പേര്.



