Breaking News

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യ നിരക്കിൽ രക്തം ലഭ്യമാക്കും

വർക്കല: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ രക്തദാന ക്യാമ്പും രക്തദാതാക്കളെ ആദരിക്കലും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. ആശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ജോഷിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.

രക്തദാനം മഹത്തായ സേവനമാണെന്നും ആരോഗ്യവാന്മാരായ എല്ലാവരും രക്തദാനത്തിനായി മുന്നോട്ട് വരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി ഋതംഭരാനന്ദ ആഹ്വാനം ചെയ്തു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ക്യാൻസർ, ഡയാലിസിസ്, പാലിയേറ്റീവ് രോഗികൾക്ക് സൗജന്യ നിരക്കിൽ രക്തം ലഭ്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

രക്തദാന പ്രവർത്തനങ്ങൾക്ക് മുൻകാലങ്ങളിൽ നൽകിയ സഹകരണത്തിന് എസ്.ബി.ഐ ബ്രാഞ്ച് മാനേജർ രാകേഷ് കൃഷ്ണ കെ.ആർ, എച്ച്.ഡി.എഫ്.സി ബ്രാഞ്ച് മാനേജർ അനൂപ് എ.എസ്, ഫെഡറൽ ബാങ്ക് ബ്രാഞ്ച് മാനേജർ ഡെവിനോ, എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. റിങ്കു, തൗഫീക്ക് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

രക്തദാന ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശ്യം, ബിനു, ചന്ദുലാൽ, ഷെറിൻ, സജീദ്, ലൈന, സ്റ്റേജിൻ, ഷാജു, അൽസാജ്, ജിഷു ജെ. ലാൽ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി സ്വാഗതവും ചീഫ് നഴ്‌സിംഗ് ഓഫീസർ ബീന മുരളി നന്ദിയും രേഖപ്പെടുത്തി.

ഡോക്ടർമാർ, നഴ്‌സുമാർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, ബ്ലഡ് സെന്റർ ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *