Breaking News

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ പിതാവ് ഇന്ന് മുഖ്യമന്ത്രിയെ കണ്ട് കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എസ്.എഫ്.ഐയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാണ്. എന്നാല്‍ ചില പ്രതികളെ മനപ്പൂര്‍വം സംരക്ഷിക്കുന്നുവെന്നും സിദ്ദാര്‍ത്ഥന്റെ കുടുംബം ആരോപിക്കുന്നു.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. നിര്‍ണ്ണായകമായ ഈ റിപ്പോര്‍ട്ടില്‍ സര്‍വകലാശാലയില്‍ നടന്നത് പരസ്യ വിചാരണയാണെന്നും സിദ്ധാര്‍ത്ഥന് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്നും അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാര്‍ത്ഥനെ നടത്തിച്ചുവെന്നും 18 പേര്‍ പലയിടങ്ങളില്‍ വച്ച് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നും വ്യക്തമാക്കുന്നു. പ്രതിയായ സിഞ്ചോ ജോണ്‍ ആണ് സിദ്ധാര്‍ത്ഥിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടില്‍ മൊഴിയുണ്ട്. 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ സിദ്ധാര്‍ത്ഥിനെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന പലരുടെയും പേര് പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതേക്കുറിച്ച് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.

എന്നാല്‍, സിദ്ധാര്‍ഥന്റെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടുകയാണ് പൊലീസ്. പ്രതികളുടെ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിക്കാന്‍ നടപടി തുടങ്ങി. സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്ന ദൃശ്യം പ്രതികള്‍ ഫോണില്‍ പകര്‍ത്തിയോ എന്നാണ് നോക്കുന്നത്. സിദ്ധാര്‍ഥന്‍ മരിച്ച ശേഷം പ്രതികള്‍ നടത്തിയ സന്ദേശ കൈമാറ്റം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിക്കാനാണ് ശ്രമം. പ്രതികള്‍ മായ്ച്ചു കളഞ്ഞത് വീണ്ട് എടുക്കേണ്ടതുണ്ട്. തൂങ്ങി മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന് സംശയം വന്നാല്‍ സെല്ലോഫയിന്‍ ടേപ്പ് ടെസ്റ്റിന്റെ സഹായത്തോടെ ദൂരീകരിക്കാനുള്ള ക്രമീകരണവും പോലീസ് ഒരുക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *