

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സ്വകാര്യബസ് തടഞ്ഞ് എസ്.എഫ്.ഐയുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം. എസ്.എഫ്.ഐ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികള്‍ വലിയകുന്നില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി പ്രതിഷേധിച്ചത്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ സമ്മതിക്കാത്ത ബസ് ജീവനക്കാരുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞത്.

കോളേജ്, സ്‌കൂള്‍ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കയറാതിരിക്കാന്‍ ബസ് മാറ്റി നിര്‍ത്തുന്നത് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സ്റ്റോപ്പില്‍ നിന്നും മാറ്റി നിര്‍ത്തിയ ബസ്സില്‍ കയറുന്നതിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ ഓടി എത്തിയപ്പോള്‍ ബസ് കണ്ടക്ടര്‍ ഡോര്‍ വലിച്ച് അടയ്ക്കുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികളെ ഒഴിവാക്കാനായി ബസ്സിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് നിരന്തരം ഇത്തരത്തിലാണ് പെരുമാറുന്നത്. ആര്‍.ടി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി കൊടുത്തിട്ടും യാതൊരുവിധ നടപടി ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ ബസ് തടഞ്ഞ് സമരം നടത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥി നേതാക്കന്മാരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ബസ് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വിജയ് വിമല്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് അര്‍ജുന്‍ കല്ലിങ്കല്‍, ജോയിന്റ് സെക്രട്ടറി ആരോമല്‍ കല്ലിങ്കല്‍, സംഗീത്, അശ്വിന്‍, നിതിന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. അടിയന്തരമായി ഈ വിഷയം അവസാനിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡ് ഉപരോധം അടക്കമുള്ള സമര പരിപാടികള്‍ക്ക് എസ് എഫ് ഐ നിര്‍ബന്ധിതമാകുമെന്ന് കേരള സര്‍വലാശാല യൂണിയന്‍ ചെയര്‍മാന്‍ വിജയ് വിമല്‍ അറിയിച്ചു.
