

വര്‍ക്കല: വര്‍ക്കലയില്‍ ഇന്നലെ രാത്രി നടന്ന മോഷണ പരമ്പരയിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ്. വര്‍ക്കല നഗര മധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൃഷിഭവനിലും സമീപത്തെ കടയിലുമാണ് മോഷണം നടന്നത്. സംഭവത്തില്‍ വര്‍ക്കല പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി വര്‍ക്കല പോലീസ് പറഞ്ഞു. ഇവര്‍ നിരീക്ഷണത്തിലാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ഓഫീസ് തുറക്കാനായി ഹോമിയോ ആശുപത്രി ജീവനക്കാരി എത്തിയപ്പോള്‍ ആശുപത്രി കവാടവും, പ്രധാന വാതിലുകളും, ഓഫീസ് മുറികളും അലമാരകളും എല്ലാം തുറന്നു കിടന്ന അവസ്ഥയിലായിരുന്നു. തനിക്ക് മുമ്പേ ആരെങ്കിലും ഓഫീസില്‍ എത്തിയതാണോ എന്ന് സംശയിച്ച് ജീവനക്കാരി ആശുപത്രിയില്‍ ഉള്ളിലേക്ക് കയറുന്ന സമയത്ത് പൂട്ടുകള്‍ അടിച്ചുതകര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ പുറത്തിറങ്ങുകയും ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.

ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്റെ വാതിലുകളും അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. കൃഷിഭവന്റെ സമീപത്ത് പ്രവര്‍ത്തിക്കുന്ന കടയും മോഷ്ടാക്കള്‍ കുത്തി തുറന്നിരുന്നു. പോലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഡോക്ടറുടെ മേശയ്ക്കുള്ളില്‍ കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പണം മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെടാതെ പോയതാകാമെന്നാണ് നിഗമനം. ആശുപത്രിക്ക് മുന്നില്‍ നിന്നും ഒരു കത്തിയും പെപ്‌സിയുടെ ഒഴിഞ്ഞ കുപ്പികളും ജ്യൂസ് കഴിച്ചതിന്റെ കുപ്പിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
